തീരദേശത്തോട് കെ.എസ്.ആര്.ടി.സി അവഗണന കാട്ടുന്നു
ഹരിപ്പാട്: തീരദേശ വാസികളുടെ ഏക ആശ്രയമായിരുന്ന കെ.എസ്.ആര്.ടി.സിയുടെ ഹരിപ്പാട് ഡിപ്പോയില്‍നിന്നുള്ള വലിയഴീക്കല്‍-വണ്ടാനം സര്‍വിസ് നിര്‍ത്തിയിട്ട് രണ്ട് മാസം കഴിഞ്ഞു. തീരദേശ മേഖലയില്‍നിന്നുള്ള മംഗലം, തൃക്കുന്നപ്പുഴ, പല്ലന, പുറക്കാട്, അമ്പലപ്പുഴ, നീര്‍ക്കുന്നം ഭാഗങ്ങളില്‍ കണ്സെഷനെടുത്തു പഠിക്കാന്‍ പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും, വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി എത്തുന്ന നാട്ടുകാര്‍ക്കും വളരെ പ്രയോജനപ്പെട്ടിരുന്ന സര്‍വിസ് നിര്‍ത്തലാക്കിയതിനാല്‍ തീരദേശ ജനത വളരെ ദുരിതത്തിലാണ്.
കാരണമന്വേക്ഷിച്ച നാട്ടുകാരോടും വര്‍ഷങ്ങളായി ഈ ബസിലെ സ്ഥിരം യാത്രക്കാരോടും ഡിപ്പോ അധികാരികള്‍ പറയുന്നത് ഡീസല്‍ ക്ഷാമം കാരണം സര്‍വിസ് വെട്ടിക്കുറച്ചതാണെന്നാണ്. ദേശീയപാതയിലും ഹരിപ്പാട്, പത്തനംതിട്ട റൂട്ടിലും നാമമാത്രമായ യാത്രക്കാരുമായി ചെയിന്‍ സര്‍വിസ് നടത്തുന്ന ഡിപ്പോയില്‍ ജനങ്ങള്‍ക്കും കോര്‍പറേഷനും ഒരു പോലെ ഗുണമുള്ള സര്‍വിസ് മാത്രം നിര്‍ത്തിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. ഡിപ്പോയിലേക്കും മറ്റും വന്‍ പ്രധിഷേധ റാലിയും മറ്റും സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ ബസിലെ സ്ഥിരംയാത്രക്കാരും വിദ്യാര്‍ഥികളും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."