മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില; 'ടച്ചിങ്‌സ് ' വില്‍പന പൊടിപൊടിക്കുന്നു
മലയിന്‍കീഴ്: മലയോര മേഖലയില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുന്നു.
വൃത്തിഹീനമായ സാഹചര്യത്തിലും രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തും നിര്‍മിക്കുന്ന ഇവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സ്‌കൂള്‍ പരിസരങ്ങളിലടക്കം ഇവയുടെ വില്‍പന നടക്കുന്നത്. പലയിടങ്ങളിലും വയറിളക്കം പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടും ഇവയുടെ വില്‍പന നിയന്ത്രിക്കാനോ , പരിശോധന നടത്താനോ അധികൃതര്‍ തയാറായിട്ടില്ല.
നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇത്തരം കച്ചവടം പൊടി പൂരമായാണ് നടക്കുന്നത്. നെയ്യാര്‍ഡാമില്‍ തന്നെ ഇരുപതോളം കച്ചവടക്കാരാണ് നിലവിലുള്ളത്. കേടാകാതിരിക്കാനും പുളിപ്പിനും വേണ്ടി മോണോസോഡിയം, ഗ്‌ളൂട്ടോമേറ്റ്, പൊട്ടാസ്യം ഡൈക്രോമേറ്റ് എന്നിവക്കുപുറമേ റീചാര്‍ജ്ജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡുകളും ഇത്തരം ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ മാങ്ങ, പപ്പായ, പേരക്ക, പൈനാപ്പിള്‍ , നാരങ്ങ, നെല്ലിക്ക തുടങ്ങിയവ ദിവസങ്ങളോളം ജാറുകളില്‍ സൂക്ഷിച്ചാണ് വില്‍പ്പന നടത്തുന്നത്. മിക്കയിടങ്ങളിലും മലിനജലമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്താന്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."