മധ്യപ്രദേശ്: നിര്‍ണായക തെരഞ്ഞെടുപ്പ് നാളെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ രാജിവച്ച മണ്ഡലങ്ങളിലടക്കമാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ താഴെവീണിരുന്നത്. ഇതിനു പിന്നാലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. നിലവില്‍ നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താനാകും. കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാന്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കണം. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും രാജ്യസഭാ എം.പിയാകുകയും ചെയ്ത ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്.
എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച 25 സീറ്റുകളിലും അവര്‍തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇവരെല്ലാം വിജയിച്ചാല്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കുകയും പ്രധാന സ്ഥാനങ്ങള്‍ നല്‍കുകയും വേണ്ടിവരുമെന്നതും മുന്‍കാല നേതാക്കള്‍ അപ്രസക്തരാകുമെന്നതും ബി.ജെ.പിക്കുള്ളിലെ അഭിപ്രായവ്യത്യാസത്തിനു കാരണമായിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഒരു ദിവസത്തെ വിലക്ക്
ഭോപ്പാല്‍: ദബ്രയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍ത്തി ദേവിയെ പ്രചാരണങ്ങളില്‍നിന്ന് ഒരു ദിവസത്തേയ്ക്കു തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കി.
എതിര്‍സ്ഥാനാര്‍ഥിയുടെ ബന്ധുക്കളായ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം കമ്മിഷന് നടപടിയെടുത്തത്.
നേരത്തെ, ഇമാര്‍ത്തി ദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരേ കമ്മിഷന് നടപടി സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."