ഗുഡ്‌ബൈ യൂനിസ്, മിസ്ബ
പാകിസ്താന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത ഭാവനാശാലികളായ രണ്ട് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. യൂനിസ് ഖാനും മിസ്ബ ഉല്‍ ഹഖും ക്രിക്കറ്റ് കരിയറിന് വിരാമം കുറിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന് കൂടി തിരശ്ശീല വീഴുകയാണ്.
പാക് ക്രിക്കറ്റ് പൂര്‍ണമായും പുതിയ തലമുറയ്ക്ക് വഴിമാറിയിരിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 101 റണ്‍സിന് വിജയിച്ച് പാകിസ്താന്‍ പരമ്പര 2-1ന് സ്വന്തമാക്കി. പരമ്പര നേട്ടത്തോടെ രാജകീയമായി തന്നെ ടീം മഹാന്‍മാരായ രണ്ട് താരങ്ങള്‍ക്കും ഹംസഗാനം ചൊല്ലി. 2000ല്‍ ടെസ്റ്റില്‍ അരങ്ങേറിയ 39കാരനായ യൂനിസ് ഖാന്‍ 17 വര്‍ഷം നീണ്ട കരിയറും തൊട്ടടുത്ത വര്‍ഷം 2001ല്‍ ടെസ്റ്റില്‍ കളി തുടങ്ങിയ 42 കാരനായ മിസ്ബ ഉല്‍ ഹഖ് 16 വര്‍ഷം നീണ്ട കരിയറുമാണ് അവസാനിപ്പിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്താണ് യൂനിസിന്റെ മടക്കം. ടെസ്റ്റില്‍ പതിനായിരം റണ്‍സ് പിന്നിട്ട ഏക പാക് താരവും യൂനിസ് തന്നെ. 118 ടെസ്റ്റുകളില്‍ നിന്ന് 10099 റണ്‍സാണ് യൂനിസിന്റെ സമ്പാദ്യം. 34 സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും കുറിച്ച യൂനീസിന്റെ ഉയര്‍ന്ന സ്‌കോര്‍ 313 റണ്‍സാണ്. 2015ല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ച യൂനിസ് 265 ഏകദിനത്തില്‍ നിന്ന് 7249 റണ്‍സ് കണ്ടെത്തി. ഏഴ് സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറികളുമാണ് ഏകദിനത്തിലെ നേട്ടം. 144 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 25 ടി20 മത്സരങ്ങളിലായി പാകിസ്താന് വേണ്ടി ഇറങ്ങിയ യൂനിസ് നായകനായി മുന്നില്‍ നിന്ന് 2009ല്‍ പാകിസ്താനെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്കും നയിച്ചു.
75 ടെസ്റ്റുകളില്‍ പാകിസ്താനായി കളിച്ച മിസ്ബ 5222 റണ്‍സ് കണ്ടെത്തി. 10 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും കുറിച്ചു. 161 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മിസ്ബയും 2015ല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു. 162 ഏകദിനത്തില്‍ നിന്ന് 5122 റണ്‍സ് സമ്പാദ്യം. ഏകദിനത്തില്‍ സെഞ്ച്വറി നേട്ടമില്ല. 42 അര്‍ധ സെഞ്ച്വറികള്‍ നേടിയ മിസ്ബയുടെ ഉയര്‍ന്ന സ്‌കോര്‍ 96 റണ്‍സാണ്. 39 ടി20 മത്സരങ്ങളിലും താരം ഇറങ്ങി. പാകിസ്താന്റെ നായകനായി തന്നെയാണ് മിസ്ബ പടിയിറങ്ങുന്നത്.
പാക് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനരായ രണ്ട് ബാറ്റിങ് പ്രതിഭകളാണ് ഇരുവരും. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ഇരുവരും ഒരേ ദിവസം തന്നെ വിട പറഞ്ഞതും കാവ്യ നീതിയായി. പാക് ക്രിക്കറ്റിന്റെ ഹൃദയവും മസ്തിഷ്‌കവുമെന്ന് യൂനിസിനേയും മിസ്ബയേയും വിലയിരുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."