HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു
backup
November 03 2020 | 00:11 AM
വിടപറഞ്ഞത് സംഘര്‍ഷ മേഖലകളിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തെത്തിച്ച വ്യക്തി
ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെ യഥാര്‍ഥ വസ്തുതകള്‍ ലോകത്തിനു മുന്നില്‍ എത്തിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു.
സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സധൈര്യം ചോദ്യം ചെയ്ത ഫിക്‌സ് മാധ്യമ പ്രവര്‍ത്തന രംഗത്ത് നിര്‍ണായക സ്വാധീനമായിരുന്നു. ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റായിരുന്നു.
ലെബനാനിലെ സിവില്‍ വാര്‍, ഇറാനിയന്‍ വിപ്ലവം. ഇറാന്‍-ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം, അഫ്ഗാനിലെ യുഎസ് അധിനിവേശം തുടങ്ങിയ ലോക ചരിത്രത്തിലെ നിര്‍ണായക സംഭവവികാസങ്ങളുടെ വ്യത്യസ്ത ഭാഷ്യം ലോകമറിയുന്നത് ഫിസ്‌കിന്റെ റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു. കുവൈത്തില്‍ സദ്ദാം ഹുസൈന്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചും സിറിയയിലെ യുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ബോസ്‌നിയന്‍ കൂട്ടക്കൊല,കോസൊവൊ യുദ്ധം, സിറിയന്‍ സംഘര്‍ഷം എന്നിവയുടെഭീകരതയും അദ്ദേഹത്തിലൂടെ ലോകമറിഞ്ഞു. ബ്രിട്ടണിലെ തന്നെ ഏറ്റവും പ്രമുഖനായ വിദേശ മാധ്യമ പ്രവര്‍ത്തകന്‍ എന്നാണ് അദ്ദേഹത്തെ 2005ല്‍ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
2001ല്‍ അഫ്ഗാനിസ്ഥാനിലെ യു.എസ് അധിനിവേഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പാകിസ്താനില്‍വച്ച് അദ്ദേഹത്തെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു.
സണ്‍ഡേ എക്‌സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. 1972ല്‍ ബെയ്‌റൂട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റായി റോബര്‍ട്ട് ഫിസ്‌ക് മാറുകയായിരുന്നു.
1989ലാണ് അദ്ദേഹം ദ ടൈംസില്‍ നിന്ന് ഇന്‍ഡിപെന്‍ഡന്റിലേക്ക് എത്തുന്നത്. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി മൂന്ന് തവണ ഫിസ്‌ക് അഭിമുഖം നടത്തിയിരുന്നു.
അറബിക് ഭാഷയില്‍ പ്രാവീണ്യമുള്ള ചുരുക്കം ചില പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഫിസ്‌ക്. അമേരിക്കയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയില്‍ ഫിസ്‌കിന് വിവാദങ്ങളെ നേരിടേണ്ടിവന്നു. ലോകത്തെ നടുക്കിയ സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ എന്താണ് അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന ചോദ്യമുയര്‍ത്തി ഫിസ്‌ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."