ഉംറ തീര്‍ഥാടകര്‍ ക്വാറന്റൈനില്‍; വ്യാഴാഴ്ച മുതല്‍ കര്മത്തിനിറങ്ങും
മക്ക: പുനരാരംഭിച്ചത്തിനു ശേഷം പുണ്യ ഭൂമിയിലെത്തിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ ക്വാറന്റൈനില്‍. ഞായാറാഴ്ച മുതല്‍ സഊദിയിലെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
ആദ്യ സംഘം ബുധനാഴ്ച മൂന്ന് ദിവസം പൂര്‍ത്തിയാകുന്നതോടെ തൊട്ടടുത്ത ദിവസം മുതല്‍ ഇവര്‍ ഉംറ കര്‍മം പൂര്‍ത്തീകരിക്കും. നിലവില്‍ രാജ്യത്തെത്തിയ ഉംറ തീര്‍ഥാടകരില്‍ ഇത് വരെ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ആദ്യ മൂന്ന് ദിനം ക്വാറന്റൈനില്‍ കഴിയുന്നത്.
സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയാണ് ഉംറ സര്‍വിസ് നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്കോ വിദേശ രാജ്യങ്ങളുടെ ദേശീയ വിമാന കമ്പനികള്‍ക്കോ ഇപ്പോള്‍ ഉംറ സര്‍വിസിനുള്ള അനുമതി നല്‍കിയിട്ടില്ല. ഏറ്റവും ആധുനികമായ ലോകോത്തര ടെര്‍മിനലുകളിലൊന്നായ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ തീര്‍ഥാടകര്‍ കൊവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
തുടര്‍ന്ന് തീര്‍ഥാടക സംഘത്തെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം നേരെ ക്വാറന്റൈന് കേന്ദ്രം കൂടിയായ അവരുടെ താമസ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസുകളിലാണ് എത്തിക്കുന്നത്. 30 ദിവസം വരെ സഊദിയില്‍ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 10 ദിവസം മാത്രം മാത്രമാണ് താമസ കാലാവധി.
പ്രതിദിനം പതിനായിരം തീര്‍ഥാടകര്‍ എന്ന രൂപത്തിലാണ് വിദേശ തീര്‍ഥാടകരുടെ വരവ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്കിയ ഉംറ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഹറമില്‍ 5,600 ട്രോളികള്‍ സജ്ജമാക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഇതില്‍ 600 എണ്ണം ഇലക്ട്രിക് ട്രോളികളും 5,000 സാധാരണ ട്രോളികളുമാണ്. ഇവയുടെ മേല്‍നോട്ടത്തിന് മാത്രം 120 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ഓരോ തവണ ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും ട്രോളികള്‍ പൂര്‍ണമായും അണുവിമുക്തമാക്കും.
കൊവിഡ് പശ്ചാതലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മസ്ജിദുല്‍ ഹറാമില്‍ പ്രവര്‍ത്തന ശേഷി ഹറം കാര്യാലയം 100 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."