കടപ്പുറത്ത് തീരവും കവിഞ്ഞ് തിരമാലകള്‍ അടിക്കുന്നു
മട്ടാഞ്ചേരി:ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് തിരമാലകള്‍ തീരം കവിഞ്ഞ് അടിച്ച് കയറുന്നത് മൂലം വിനോദ സഞ്ചാരികള്‍ക്ക് നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.സംരക്ഷണ ഭിത്തിയും കവിഞ്ഞ് അടിച്ച് കയറുന്ന തിരമാലകള്‍ നടപ്പാതയും കവിഞ്ഞ് പോകുന്ന അവസ്ഥയാണ്.തീരം മുഴുവനായും കവര്‍ന്നെടുത്ത കടല്‍ ഇപ്പോള്‍ കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്.
നടപ്പാതയുണ്ടായ സമിപത്തും അത് കഴിഞ്ഞുള്ള ഭാഗങ്ങളിലും നില്‍ക്കുന്നവരെ കൂടി തിരമാലകള്‍ വിടാത്ത സാഹചര്യമാണ്.കടപ്പുറത്ത് നടപ്പാതക്ക് സമീപം സ്ഥിതി ചെയ്യുന്ന ബോയിലര്‍ ഏത് സമയത്തും നിലം പതിക്കാവുന്ന അവസ്ഥയാണ്.
നേരത്തേ തന്നെ അടിഭാഗം ദ്രവിച്ച് ജീര്‍ണ്ണാവസ്ഥയിലായ ബോയിലര്‍ തിരയടിയില്‍പ്പെട്ട് കൂടുതല്‍ നാശമായിരിക്കുകയാണ്.സൗത്ത് കടപ്പുറത്ത് രാവിലെ കുളിക്കുവാനെത്തുന്നവര്‍ ശക്തമായ കടലിനടിയില്‍ അകപ്പെടുമോയെന്ന ആശങ്കയിലാണ് തീരദേശ പൊലിസ്.ഇവിടെയുള്ള ലൈഫ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലന്ന ആക്ഷേപം നില നില്‍ക്കുന്നുണ്ട്.മധ്യ വേനലവധിയായതിനാല്‍ കുട്ടികള്‍ കൂടുതലായും കുളിക്കാന്‍ വരുന്ന സമയമാണ്.പലപ്പോഴും അതിരാവിലെയായിരിക്കും കുട്ടികള്‍ കുളിക്കാനിറങ്ങുക.ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതാവട്ടെ രാവിലെ ഏഴ് മണിക്ക് ശേഷവും.
ഈ സമയങ്ങളില്‍ അപകടം കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.ലൈഫ് ഗാര്‍ഡുകളുടെ എണ്ണം കുറവായതിനാല്‍ എല്ലാ വശത്തും ഇവര്‍ക്ക് നോക്കാന്‍ കഴിയില്ല.പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകള്‍ മൂലമാണ് രക്ഷപ്പെടുന്നത്.ലൈഫ് ഗാര്‍ഡുകളുടെ സമയക്രമം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റല്‍ പൊലിസ് ടൂറിസം വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.മഴ എത്തുന്നതിനേക്കാല്‍ മുമ്പ് കടലിന്റെ സ്ഥിതി ഇതാണെങ്കില്‍ കാലവര്‍ഷത്ത് എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."