നിയമ വിരുദ്ധമായ മാംസവില്‍പ്പന; പായിപ്ര ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി ആടുമാടുകളുടെ ഇറച്ചി വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
ഹര്‍ജി പരിഗണിച്ച കോടതി പായിപ്ര പഞ്ചായത്തിനോട് അനധികൃതമായി അറവ് മാംസ വില്‍പന സംബന്ധിച്ചെടുത്ത നടപടിയെക്കുറിച്ച് ജൂലൈ 12ന് റിപ്പോര്‍ട്ട് നല്‍കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയ്ക്കുവേണ്ടി സെക്രട്ടറി പി.ബി.രമേശ്കുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, എറണാകുളം ജില്ല ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍, മൂവാറ്റുപുഴ ഡിവൈഎസ്പി, മൂവാറ്റുപുഴ ആര്‍.ഡി.ഒ, വെറ്ററിനറി ഡോക്ടര്‍ തൃക്കളത്തൂര്‍, പുതുശ്ശേരി വീട്ടില്‍ ഷാജി, അസീസ്, ആര്യാങ്കാലയില്‍ ഇബ്രാഹിം, പരീച്ചാലില്‍ ജലീല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദയ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനധികൃത മാംസവില്‍പ്പന പായിപ്ര പഞ്ചായത്തില്‍ നിരോധിച്ചിരുന്നു.
ദയ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ ഓട്ടോറിക്ഷയിലും പെട്ടി വണ്ടിയിലും സീല്‍ ചെയ്ത കെട്ടിടങ്ങളിലും മാംസവില്‍പ്പന നടക്കുന്നുവെന്നും പഞ്ചായത്ത് അധികാരികള്‍ ആയത് തടയുവാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിക്കാന്റെ ആവശ്യം.
നിയമപരമായ രീതിയില്‍ മാംസവില്‍പ്പന നടന്നാല്‍ പഞ്ചായത്തില്‍ ഒരുവര്‍ഷം ഒന്നേകാല്‍ കോടി രൂപ വരുമാനം ലഭിക്കും. ഇപ്പോള്‍ ഈ വരുമാനം പഞ്ചായത്തില്‍ നഷ്ടപ്പെട്ടുവെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."