സഊദിയിൽ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ
ജിദ്ദ: സഊദിയിൽ കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽനാ അപ്ലിക്കേഷനിൽ ആരോഗ്യസ്ഥിതി തെളിയിക്കണം. ചട്ടങ്ങൾ പാലിക്കാത്തവരെ കുറിച്ച് വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സഊദിയിൽ കൊവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. വരും കാലങ്ങളിൽ കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹാനി ജൗകതർ പറഞ്ഞു. രാജ്യത്തെ കാലാവസ്ഥയിൽ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകൾ വർധിച്ചതും ഇതിന് കാരണമാകും. കൂടാതെ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധരാകുന്നതും കേസുകൾ വർധിക്കാൻ കാരമമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തവരെ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോടഭ്യർത്ഥിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ ജനങ്ങളെ കടകളിൽ പ്രവേശിക്കാൻ അനുവദിച്ചാൽ, സ്ഥാപനത്തിന് മേൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. മദീന മേഖലയിൽ തവക്കൽനാ ആപ്പ് വഴി ആരോഗ്യ സ്ഥിതി തെളിയിക്കുന്നവർക്ക് മാത്രമായി സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിയന്ത്രിച്ചിട്ടുണ്ട്.
അതേ സമയം മാസ്‌ക് ധരിക്കാത്തിന് വിവിധ പ്രവിശ്യകളിൽ നൂറുകണക്കിനു പേര്‍ക്ക് ആയിരം റിയാല്‍ തോതില്‍ പിഴ ലഭിച്ചു. അല്‍ബാഹ അല്‍അഖീഖിലെ വിശ്രമ കേന്ദ്രത്തില്‍ ഒത്തുചേരല്‍ പടിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. എഴുപതുകാരനായ സ്വദേശിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇയാള്‍ക്കും പാര്‍ട്ടി നടത്താന്‍ വിശ്രമ കേന്ദ്രം വിട്ടുകൊടുത്ത ഉടമക്കും എതിരെയാണ് നടപടി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടാണ് പോലീസ് നടപടി സ്വീകരിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച ഷോപ്പിംഗ് മാള്‍ ഉടമക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി അശ്ശര്‍ഖിയ നഗരസഭ അറിയിച്ചു. ഷോപ്പിംഗ് മാളിന്റെ മുന്‍വശത്ത് നൃത്തപരിപാടി സംഘടിപ്പിച്ച് ജനക്കൂട്ടം സൃഷ്ടിച്ചതിനാണ് നടപടി. ഷോപ്പിംഗ് മാള്‍ അധികൃതര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം ശ്രദ്ധയില്‍പെട്ടാണ് ഉടന്‍ സ്ഥലത്തെത്തി നൃത്തപരിപാടി നിര്‍ത്തിച്ച് നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."