തെരഞ്ഞെടുപ്പുതോല്‍വി: ഇടതുമുന്നണിയുടെ രാഷ്ട്രീയ പരാജയം: വിശ്വാസി സമൂഹം എല്‍.ഡി.എഫിനെ വിശ്വസിച്ചില്ലെന്നും കാനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോല്‍വി ഇടതുമുന്നണിയുടെ രാഷ്ട്രീയ പരാജയമാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കു വേണ്ടിയാണു കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്തത്. ഇതിനു കാരണമായതു മോദി വിരുദ്ധതയാണ്. ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികള്‍ ഇടതുമുന്നണിക്കു എതിരായെന്നാണു സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയത്.
ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ പ്രതികരണം മുന്‍കൂട്ടി കാണാന്‍ ഇടതുമുന്നണിയ്ക്കു കഴിഞ്ഞില്ലെന്നും വിശ്വാസി സമൂഹം എല്‍.ഡി.എഫിനെ വിശ്വസിച്ചില്ലെന്നും കാനം പറഞ്ഞു.
ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിശ്വാസികള്‍ ഇടതു മുന്നണിയെ വിശ്വസിക്കാന്‍ തയ്യാറായില്ല. വിശ്വാസത്തെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിച്ചുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത വിജയമാണിതെന്നും കാനം പറഞ്ഞു.
ശബരിമല വിഷയത്തിലെ നിലപാട് എല്‍.ഡി.എഫ് കൂട്ടായി എടുത്തതാണ്. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോയി. ഇപ്പോഴത്തെ പരാജയം താല്‍ക്കാലികം മാത്രമാണ്. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നും ജനപക്ഷ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും കാനം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണി വിശദമായും ഗൗരവമായും ചര്‍ച്ച ചെയ്യും. 12ശതമാനത്തിലേറെ വോട്ടുകളുടെ കുറവു എങ്ങനെയുണ്ടായെന്നുള്ളതു രാഷ്ട്രീയമായി പരിശോധിക്കും. തിരുത്തലുകള്‍ വരുത്തേണ്ടിടത്തു വരുത്തും. ഇടതുമുന്നണിയുടെ പരാജയത്തില്‍ മാധ്യമങ്ങളും നിര്‍ണായക പങ്കുവഹിച്ചെന്നു കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."