ടൈം മാഗസിന്‍ വില്‍ക്കുന്നു; വാങ്ങുന്നത് സെയില്‍സ്‌ഫോഴ്‌സ് മേധാവി മാര്‍ക്ക് ബെനിയോഫ്
വാഷിങ്ടണ്‍: വിശ്വപ്രശസ്ത മാഗസിനായ 'ടൈം' ഒരിക്കല്‍ കൂടി കൈമാറ്റം ചെയ്യുന്നു. യു.എസ് മാധ്യമ ഗ്രൂപ്പായ മെറഡിത്ത് കോര്‍പ്പറേഷന് വിറ്റ് എട്ടു മാസം പിന്നിടുന്നതിനിടെയാണ് വീണ്ടും വില്‍പ്പന.
ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ സെയില്‍സ്‌ഫോഴ്‌സ്.കോമിന്റെ സഹസ്ഥാപകന്‍ മാര്‍ക്ക് ബെനിയോഫാണ് ടൈം മാഗസിന്‍ വാങ്ങുന്നത്. കൂടെ ഭാര്യയുമുണ്ട്. തുക- 190 മില്യണ്‍ യു.എസ് ഡോളര്‍ (1,237 കോടി രൂപ).
മാഗസിന്‍ വിലയ്‌ക്കെടുത്തെങ്കിലും എഡിറ്റോറിയലില്‍ ഇടപെടില്ലെന്ന് ബെനിയോഫ് വ്യക്തമാക്കി. 'ദൈനംദിന മാധ്യമപ്രവര്‍ത്തന തീരുമാനങ്ങളില്‍ ഇടപെടില്ല'- അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ണമാകും. അതിനു മുന്‍പ് റെഗുലേറ്ററിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ പ്രിന്റ് മീഡിയയെ വിലയ്‌ക്കെടുത്തത് ചര്‍ച്ചയാവുകയാണ്. പ്രിന്റ് മീഡിയയ്ക്ക് അത്ര നല്ല കാലമല്ലാതിരുന്നിട്ടും നേര്‍വിപരീത ഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് വന്‍ വില കൊടുത്ത് പരമ്പരാഗത മാധ്യമത്തെ വാങ്ങിയിരിക്കുന്നത്.
ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 6.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യവസായിയാണ് ബെനിയോഫ്.
വാഷിങ്ടണ്‍ പോസ്റ്റിനെ ആമസോണ്‍ ഏറ്റെടുത്തതിനു സമാനമായതാണ് ഈ ഇടപാടും. 2013 ലാണ് ജെഫ് ബിസോസ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ് വാങ്ങിയത്. കഴിഞ്ഞവര്‍ഷം, ദി അറ്റ്‌ലാന്റിക് മാഗസിന്റെ ഭൂരിഭാഗം ഷെയറുകളും ആപ്പിള്‍ ഉടമ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറന്‍സ് പോവല്‍ ജോബ്‌സ് വാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."