പള്ളിക്കര മേല്‍പ്പാലം ഒന്നാം ഘട്ടത്തില്‍ മൂന്നുവരി പാത നിര്‍മിക്കാന്‍ തീരുമാനം
കാസര്‍കോട്: നീലേശ്വരം പള്ളിക്കര മേല്‍പ്പാലം ഒന്നാംഘട്ടത്തില്‍ മൂന്നുവരി പാത നിര്‍മിക്കാന്‍ തീരുമാനം. ഇതിന്റെ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ബാക്കിയുള്ള മൂന്നു വരി ആറുവരി പാത നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കും.
ഈ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിനു നല്കാന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കേന്ദ്രം തീരുമാനമെടുത്തയുടന് ഈ വര്‍ഷം തന്നെ മേല്‍പ്പാലത്തിന്റെ പണി തുടങ്ങും. നേരത്തെ സേതുഭാരതം പദ്ധതിയില്‍ രണ്ടു വരിയില്‍ മേല്‍പ്പാലം പണിയാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 40 കോടി രൂപ നീക്കിവച്ചിരുന്നു. ആറുവരി പാത വരുന്നതിനാല്‍ ഇതു സാധ്യമല്ലാതെ വന്നു.
തലപ്പാടി മുതല്‍ കാലിക്കടവ് വരെ മൂന്നു മേഖലകളായാണ് ആറുവരി പാത നിര്‍മാണം. അതുവരെ മേല്‍പ്പാലം നിര്‍മാണം വൈകുന്നത് ഒഴിവാക്കാനാണ് പി. കരുണാകരന് എം.പി പൊതുമരാമത്ത് വകുപ്പിനും ദേശീയപാത അതോറിറ്റിക്കും നിര്‍ദേശം സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
പി. കരുണാകരന് എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി ആശാ തോമസ്, ദേശീയ പാത ചീഫ് എന്‍ജിനിയര്‍ കെ.പി പ്രഭാകരന്, ദേശീയ പാത അതോറിറ്റി ചീഫ് എന്‍ജിനിയര്‍ ത്രിവേദി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."