താജുദ്ദീന് ആശ്വാസമായി ചവറ കോളജിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്
ചവറ: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചിട്ടും വിള കൊയ്യാന്‍ ആളില്ലാത്തതിനാല്‍ ധര്‍മ്മസങ്കടത്തില്‍ ആയിരുന്ന ചവറ തോട്ടിനുവടക്ക് മരന്നൂര്‍ വീട്ടില്‍ താജുദ്ദീന് ആശ്വാസവുമായി ചവറ ഗവ. കോളജിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സെത്തി.
കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചിട്ടും കൊയ്യാന്‍ ആളില്ലാതെ വിളഞ്ഞ് കിടന്ന കരനെല്‍ കൃഷിയും, കര്‍ഷകനായ താജുദ്ദീന്റെ നിസഹായ അവസ്ഥയെ കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ചവറ ഗവ. കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തിന്‍ 50 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഏകദേശം രണ്ടര മണിക്കൂര്‍ കൊണ്ട് എഴുപത് സെന്റ് സ്ഥലത്ത് വിളഞ്ഞ് കിടന്നിരുന്ന കരനെല്‍ കൃഷി പൂര്‍ണമായും കൊയ്‌തെടുക്കുകയായിരുന്നു. കൊയ്‌തെടുത്ത കര നെല്‍കൃഷി തന്റെ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് താജുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."