രണ്ടു ഘട്ടമാക്കിയേക്കും; തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കമ്മിഷന്
ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്കരന് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്നലെ മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രധാന ഉദ്യോഗസ്ഥന്മാര് പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥ- പൊലിസ് വിന്യാസം സുഗമമായി നടത്താന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്നു കമ്മിഷന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടു. യോഗത്തില്‍ തെരഞ്ഞെടുപ്പു രണ്ടുഘട്ടങ്ങളിലായി നടത്തുന്നതിന്റെ പ്രായോഗികതയെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.
തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി പൊലിസ് സേനയ്ക്ക് ആവശ്യമായ ഫണ്ട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ബൂത്തുകളുടെ പട്ടിക ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുന്ന മുറയ്ക്ക് പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക പൊലിസ് നല്‍കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണമടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പുമായി ഒരു ചര്‍ച്ച കൂടി കമ്മിഷന് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."