സി.ഐ നവാസ് തിരോധാനം: അന്വേഷണം നാലു ജില്ലകളിലേക്ക് വ്യാപിപ്പിച്ചു, നാടുവിട്ടത് മേലുദ്യോഗസ്ഥരുടെ പീഡനം കാരണമെന്ന് ഭാര്യ
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കണ്ടെത്താനായുള്ള അന്വേഷണം ശക്തിപ്പെടുത്തിയതായി പൊലിസ്. നവാസ് കേരളം വിട്ടിട്ടില്ലെന്നും അദ്ദേഹത്തിനായി നാലു ജില്ലകളില്‍ അന്വേഷണം വ്യാപിപ്പിച്ചതായും പൊലിസ് അറിയിച്ചു. കൊച്ചി ഡി.സി.പി പൂങ്കുഴലിക്കാണ് നവാസിന്റെ തിരോധാനത്തിന്റെ അന്വേഷണ ചുമതല.
വ്യാഴാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് തേവരെയുള്ള എ.ടി.എമ്മില്‍ എത്തി നവാസ് പണം എടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
നവാസിന്റെ ബന്ധുക്കള്‍ കൊല്ലം, കായംകുളം എന്നീ പ്രദേശങ്ങളില്‍ ഉണ്ടെന്നും. ഈ സ്ഥലങ്ങളില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
നവാസിനെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ കണ്ടിരുന്നതായി ഒരു പൊലിസ് ഉദ്യോഗസ്ഥന് അന്വേഷണ സംഘത്തോട് പറഞ്ഞു. എവിടെ പോകുന്നു ചോദിച്ചപ്പോള്‍ കോടതി ഡ്യൂട്ടിക്കായി പോകുകയാണെന്നായിരുന്നു മറുപടി. ഇതോടെ നവാസ് കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലിസ്.
അതിനിടെ, നവാസിന് മേലുദ്യോഗസ്ഥനില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. കള്ളക്കേസ് എടുക്കാന്‍ മേലുദ്യോഗസ്ഥന് നിര്‍ബന്ധിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു. എ.സി.പിയുമായി വയര്‍ലെസ് ഫോണിലൂടെ വാഗ്വാദം നടന്നിരുന്നു. വയര്‍ലെസ് രേഖകള്‍ പരിശോധിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."