മണല്‍തിട്ടകള്‍ അടിഞ്ഞുകൂടിയ കടവുകള്‍ അപകട ഭീഷണിയാവുന്നു
പുതുക്കാട്: പ്രളയത്തില്‍ കുറുമാലിപുഴ ഗതിമാറിയൊഴുകി ഒരു മാസം തികയുമ്പോഴാണ് മറ്റൊരു ദുരന്തത്തിന് പാറക്കടവ് സാക്ഷിയാകുന്നത്.
മലവെള്ളപാച്ചിലില്‍ കടവില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നിറഞ്ഞ കയത്തില്‍ വീണ് മരിച്ച മുസ്തഫയും മകന്‍ ഖല്‍ഫാനും ഉള്‍പ്പടെ നാലു ജീവനുകളാണ് ഇതുവരെ പുഴയെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാറക്കടവിലെ കയത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.
അപകടകെണിയായ കടവ് പ്രളയം കഴിഞ്ഞതോടെ കൂടുതല്‍ അപകടകരമായ നിലയിലാണ്. മണലും ചെളിയും അടിഞ്ഞുകൂടി ചതുപ്പു നിറഞ്ഞ രീതിയിലാണ് ഇപ്പോള്‍ കടവിന്റെ അവസ്ഥ. ഒരാള്‍ പൊക്കത്തിലാണ് കടവില്‍ പൂഴിമണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ആഴമറിയാത്ത തരത്തിലുള്ള കടവിലെ കയവും ഇപ്പോള്‍ അപകടഭീതി പരത്തുകയാണ്. നിരവധി പേരാണ് പാറക്കടവില്‍ കുളിക്കാനായി എത്തുന്നത്.
കാല്‍ തെറ്റിയാല്‍ നിലയില്ലാ കയത്തില്‍ വീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. പ്രളയ ശേഷം പുഴയിലെ പല കടവുകളും അപകടമേഖലയായി മാറിയിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ പുഴ ശാന്തമായിയെന്ന് തോന്നുന്നുവെങ്കിലും കുത്തൊഴുക്കില്‍ മണ്ണൊലിച്ചും ചെളി മൂടിയും വ്യത്യസ്തമായ രീതിയിലാണ് ഓരോ കടവുകളും ഇപ്പോള്‍ മാറിയിരിക്കുന്നത്. നിത്യവും കടവിലെത്തിയിരുന്നവര്‍ക്ക് പോലും പുഴയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയൊരു ദുരന്തത്തിന് ഇടവരുത്താതെ അധികൃതര്‍ ഇടപ്പെട്ട് കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."