പുസ്തകത്തില്‍ സവര്‍ക്കറിലെ 'വീര്‍' പുറത്ത്; ഹിന്ദുമഹാസഭ വര്‍ഗീയ സംഘടന
ജയ്പൂര്‍: കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് മാറ്റിയെഴുതിയ രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരുത്തിയെഴുതുന്നു.
പാഠപുസ്തകങ്ങളില്‍നിന്ന് 'വീര്‍ സവര്‍ക്കര്‍' എന്ന വിശേഷണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് മാറ്റങ്ങളിലെ എടുത്തപറയേണ്ട ഒന്ന്. സ്വാതന്ത്ര്യസമരസേനാനിയെന്നാണ് നേരത്തെ പാഠപുസ്തകത്തില്‍ സവര്‍ക്കറിനെ വിശേഷിപ്പിച്ചതെങ്കില്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായ അദ്ദേഹത്തിന് 'വീര്‍' എന്ന ബഹുമതി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നടപടി.
12ാംക്ലാസിലെ പുതിയ ചരിത്ര പുസ്തകത്തില്‍ വീര്‍ സവര്‍ക്കറിന് പകരം അദ്ദേഹത്തിന്റെ മുഴുവന്‍ പേരായ വി.ഡി സവര്‍ക്കര്‍ എന്നാണ് പരാമര്‍ശിക്കുന്നത്.
പുസ്തകത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാപ്പപേക്ഷിച്ച് കത്തുകള്‍ നല്‍കിയതായും വിശദീകരിക്കുന്നുണ്ട്. സ്വയം പോര്‍ച്ചുഗലിന്റെ മകന്‍ എന്നാണ് സവര്‍ക്കര്‍ വിശേഷിപ്പിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്നുള്ള മോചനത്തിനായി 1911ല്‍ നാലു മാപ്പപേക്ഷകള്‍ അദ്ദേഹം ബ്രിട്ടീഷ് അധികൃതര്‍ക്ക് നല്‍കിയതായും പറയുന്നുണ്ട്. ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ക്കുകയും പാകിസ്താന്‍ രൂപീകരിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു.
മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കേസില്‍ ആരോപണവിധേയനാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന സവര്‍ക്കര്‍. ഗാന്ധിവധത്തില്‍ സവര്‍ക്കര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന കാര്യവും പുസ്തകത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഗാന്ധിവധത്തില്‍ പ്രതിസ്ഥാനത്തുള്ള ഹിന്ദുമഹാസഭയെ വര്‍ഗീയ സംഘടനകളുടെ കൂട്ടത്തിലാണ് പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വര്‍ഗീയ ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംഘടനയെന്നാണ് ഹിന്ദുമഹാസഭയ്ക്ക് പുസ്തകം നല്‍കിയിരിക്കുന്ന വിശേഷണം. നേരത്തെ മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകളുടെ പേര് മാത്രമേ വര്‍ഗീയ സംഘടനകളുടെ പട്ടികയില്‍ ഉണ്ടായിരുന്നുള്ളൂ.
പുസ്തകത്തില്‍ ഇടംപിടിച്ച ജിഹാദ് എന്ന വിവാദ പാഠഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു നേരത്തെ നോട്ട് നിരോധനം പാഠപുസ്തകത്തില്‍ ഇടംപിടിച്ചത്. എന്നാല്‍, പുതിയ പുസ്തകത്തില്‍ നോട്ട് നിരോധനത്തെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി.
രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു വേണ്ടി അച്ചടിച്ച പുസ്തകങ്ങള്‍ രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡാണ് പുറത്തിറക്കിയത്. ആറുമാസം മുന്‍പ് അശോക് ഗെലോട്ട് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ പാഠപുസ്തകങ്ങളിലെ കാവിവല്‍കരണം തിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇതിനായി പാഠപുസ്തക പുനഃപരിശോധനാ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി ഫെബ്രുവരി 13നു നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."