സൈബര്‍ ആക്രമണം; ഔദ്യോഗിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്
പാലക്കാട്: സര്‍ക്കാര്‍ ഓഫിസുകളിലെ കംപ്യൂട്ടറുകള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്ത് ഔദ്യോഗിക വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു.
വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തെ തുടര്‍ന്ന് വിവിധ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) നടത്തിയ ബോധവത്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തുടര്‍ന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി. ശ്രീലത, ഐ.ടി മിഷന് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ദേവി.എസ്.നാഥ് സംസാരിച്ചു.
ഓഫിസ് കംപ്യൂട്ടറില്‍ ജീവനക്കാരുടെ ഇ.മെയില്‍ ഉപയോഗിക്കുകയോ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്യരുത്, സോഫ്റ്റ്വേര്‍ അപ്ഡേറ്റ് ചെയ്യാനും സിസ്റ്റം ബാക്ക് അപ്പ് ചെയ്യാനും, ആന്റി വൈറസ് സോഫ്റ്റ് വേര് ഇന്‍സ്റ്റാള്‍ ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കണം. ഫയര്‍വാളില്‍ തടയേണ്ട പോര്‍ട്ടലുകള്‍, ഐ.പി.അഡ്രസുകള്‍, ഡൊമെയ്നുകള്‍ എന്നിവയെക്കുറിച്ചും തുടര്‍ന്ന് നടന്ന ക്ലാസില്‍ വിശദീകരിച്ചു.
അനാവശ്യമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കാനും അജ്ഞാതര്‍ അയയ്ക്കുന്ന ഇ.മെയില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കാതിരിക്കാനും ശ്രദ്ധിക്കണം. വിന്‍ഡോസിലുള്ള എസ്.എം.ബിയുടെ ലൂപ്ഹോള്‍ വഴിയാണ് വൈറസ് പടരുകയെന്നതിനാല് വിന്‍ഡോസിലുള്ള എസ്.എം.ബി ഡിസേബ്ള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. ജീവനക്കാര്‍ക്കുള്ള സംശയനിവാരണത്തിനും അടിയന്തര സാഹചര്യം നേരിടുന്നതിനുമായി ജില്ലാതല കര്‍മസേന രൂപവത്കരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്. ഐ.ടി.മിഷന് അക്ഷയ എന്നിവയിലെ പ്രൊജക്റ്റ് ഓഫിസര്‍മാരും ടെക്നിക്കല്‍ എന്ജിനീയര്മാരുമടങ്ങുന്നതാണ് കര്‍മസേന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."