പ്രളയ പ്രതിസന്ധി: പുതിയ 18 ഗെയിംസ് ഇനങ്ങള്‍ ഇത്തവണയില്ല
തിരുവനന്തപുരം: പ്രളയം പ്രതിസന്ധി സൃഷ്ടിച്ചതോടെ മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റി അനുമതി നല്‍കിയ 18 ഗെയിംസ് ഇനങ്ങള്‍ ഉപേക്ഷിച്ചു. ബോക്‌സിങ്, ആര്‍ച്ചറി, ഷൂട്ടിങ്, സൈക്ലിങ്, വുഷു, യോഗ, നെറ്റ്‌ബോള്‍, സോഫ്റ്റ് ബോള്‍, പവര്‍ലിഫ്റ്റിങ്, ടെനിക്കോയിറ്റ്, റോളര്‍സ്‌കേറ്റിങ്, ത്രോബോള്‍, ബേസ്‌ബോള്‍, ടഗ് ഓഫ് വാര്‍, ഫെന്‍സിങ്, കരാട്ടേ, സെപത്രാക്കോ എന്നിവയാണ് ഉപേക്ഷിച്ച മത്സര ഇനങ്ങള്‍.
നിലവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 21 ഗെയിംസ് ഇനങ്ങളാണ് നടത്തിയിരുന്നത്. പുതുതായി അനുമതി നല്‍കിയ 18 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 39 ഗെയിംസ് ഇനങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയോട് അനുബന്ധിച്ച് നടത്തേണ്ടിയിരുന്നത്. ദേശീയ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നടത്തിപ്പില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നതിനേ തുടര്‍ന്നാണ് 18 ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കാന്‍ മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റി നിര്‍ദേശിച്ചത്.
ദേശീയതലത്തില്‍ 85 ഗെയിംസ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സര ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമാണ്. സ്‌കൂള്‍ കായികമേളയിലും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗീകരിച്ച മത്സരയിനങ്ങള്‍ നടത്താമെന്ന വ്യവസ്ഥയാണ് മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റിയും നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശിച്ച 18 മത്സര ഇനങ്ങള്‍ കൂടി സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
പ്രളയം കഴിഞ്ഞതോടെ നടത്തി വന്നിരുന്ന ഗെയിംസ് ഇനങ്ങള്‍ നടത്തുന്നത് തന്നെ ശ്രമകരമാണെന്ന അഭിപ്രായം മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റിയില്‍ ഉയര്‍ന്നു. ഇതിന് പുറമേ 18 മത്സര ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പണം കണ്ടെത്തണം. ദേശീയ മത്സരങ്ങളില്‍ ടീമുകളെ പങ്കെടുപ്പിക്കുന്നതും ശ്രമകരമാകും.
പുതിയ ഇനങ്ങളുടെ നടത്തിപ്പിന് ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റി പുതിയ ഇനങ്ങളില്‍ മത്സരങ്ങള്‍ ഇത്തവണ വേണ്ടെന്ന തീരുമാനം എടുത്തത്. അടുത്തവര്‍ഷം മുതല്‍ 18 ഇനങ്ങള്‍ കൂടി സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമാക്കും. അതിനിടെ പുതുതായി ഉള്‍പ്പെടുത്തിയ മത്സര ഇനങ്ങളില്‍ രണ്ടെണ്ണത്തിലെ ചില കാറ്റഗറിയില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ ഇത്തവണ നടത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."