കൊച്ചിയില്‍ നിന്ന് കാണാതായ സി.ഐ നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പൊലിസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലിസ് കരൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കാണാതായ സി.ഐ നവാസ് എസ്.ഐയുടെ കാറില്‍ കായംകുളം ഭാഗത്തെത്തിയതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. കാറിലുണ്ടായിരുന്ന പൊലിസുകാരന്റെ മൊഴി വ്യാഴാഴ്ച രാത്രി തന്നെ രേഖപ്പെടുത്തിയിരുന്നു. കായംകുളത്തെത്തിയതെങ്ങനെയെന്നും ഇവിടെ നിന്ന് എവിടേക്ക് പോയി എന്നുമുള്ള വിവരമാണ് സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ചിരുന്നത്.
ചേര്‍ത്തലയില്‍ നിന്നാണ് കാറില്‍ കയറിയത്. വ്യാഴാഴ്ച രാവിലെ 9.34ഓടെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം വിജിലന്‍സ് ബോര്‍ഡ് വച്ച കാറില്‍ വന്നിറങ്ങുന്നത് ബസ് സ്റ്റേഷന് സമീപമുള്ള ബേക്കറികടയില്‍ നിന്നുള്ള സി.സി.ടിവി. ദൃശ്യമാണ് ലഭിച്ചത്. കായംകുളം പൊലിസും മറ്റും അന്വേഷണം കായംകുളം പ്രദേശങ്ങളില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഒടുവിലാണ് തമിഴ് നാട്ടില്‍ നിന്നും കണ്ടെത്തുന്നത്.
കായംകുളത്തെ ഏതെങ്കിലും ആത്മീയകേന്ദ്രങ്ങളില്‍ തങ്ങിയതായ സംശയത്തെ തുടര്‍ന്ന് പൊലിസ് ആ നിലയിലും അന്വേഷണം നടത്തിയിരുന്നു. എറണാകുളത്തെ പ്രമുഖ ജ്വല്ലറി ഉടമ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ ബന്ധുവില്‍ നിന്ന് ലക്ഷങ്ങള്‍ കടം വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് നവാസിനെ സമ്മര്‍ദത്തിലാക്കിയതെന്നാണ് വിവരം. തുക തിരികെ ലഭിക്കും മുമ്പ് കടം നല്‍കിയ ആള്‍ മരിച്ചു. ഇതിനുശേഷം തുക ആവശ്യപ്പെട്ട് മരിച്ചയാളുടെ ഭാര്യ ജ്വല്ലറി ഉടമയെ സമീപിച്ചുവെങ്കിലും പണം നല്‍കാന്‍ തയ്യാറായില്ലെന്നാണ് പറയുന്നത്. ഇതോടെ വിഷയം ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി.
തുടര്‍ന്നാണ് ജ്വല്ലറി ഉടമയ്ക്കെതിരെ കേസെടുക്കുന്നത്.
തുടരന്വേഷണത്തിന് ചുമതലപ്പെടുത്തിയത് സി.ഐ നവാസിനെയാണ്. കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുകയും ചെയ്തു. സംഘടനാ നേതാവുകൂടിയായ ജ്വല്ലറി ഉടമ ഭരണതലങ്ങളില്‍ ബന്ധപ്പെട്ടതോടെ ഉന്നത ഉദ്യോഗസ്ഥര്‍ കയ്യൊഴിയുകയും സി.ഐ നവാസ് സമ്മര്‍ദത്തിലാകുകയുമായിരുന്നു. ഈ സംഭവമാണ് വാക്കുതര്‍ക്കത്തിലും ഇന്‍സ്പെക്ടറുടെ തിരോധാനത്തിലേക്കും കലാശിച്ചത്. വയര്‍ലസിലൂടെയുള്ള ഇന്‍സ്പെക്ടറുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെയും സംഭാഷണങ്ങള്‍ പൊലിസിലെ അച്ചടക്കത്തിനു നേരെയുള്ള വെല്ലുവിളിയായും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലിസിന് തലവേദന സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."