കെ.എസ്.ആര്‍.ടി.സിയില്‍ യൂനിഫോം; മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാതെ എല്‍.ഡി.എഫ്
കോട്ടയം: കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥ തലംമുതല്‍ താഴേ തട്ടുവരെ ഒരേ യൂനിഫോം എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കാന്‍ വിസമ്മതിച്ച് പിണറായി സര്‍ക്കാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാവര്‍ക്കും ഒരേ യൂനിഫോം പദ്ധതി പ്രഖ്യാപിച്ചത്. ഡിപ്പാര്‍ട്ടുമെന്റില്‍ എല്ലാവര്‍ക്കും യൂനിഫോം നിര്‍ബന്ധമാക്കണമെന്നായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ തീരുമാനം.
നിലവില്‍ ജീവനക്കാര്‍ക്ക് കാക്കി യൂനിഫോം മാറ്റി പുതിയ യൂനിഫോം നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ യൂനിഫോം കര്‍ശമാക്കിയിരുന്നില്ല. ഈ രീതിക്ക് മാറ്റംവരുത്താനായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമം. ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയും കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപനവും നടത്തിയിരുന്നു. ഹര്‍ഷാരവത്തോടെയാണ് ജീവനക്കാര്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനം എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ പരിഗണിക്കാതെ പോവുകയായിരുന്നു.
ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ എല്ലാവര്‍ക്കും യൂനിഫോം നിര്‍ബന്ധമാക്കുകയെന്ന യു.ഡി.എഫ് തീരുമാനവും അതോടെ നിലച്ചു. പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മാതൃകയാക്കി കെ.എസ്.ആര്‍.ടി.സിയില്‍ മാറ്റംവരുത്തുകയെന്ന തീരുമാനം ഗതാഗത വകുപ്പ് ഇതുവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എല്ലാവരും ഒരേ മനോഭാവത്തോടെ ജോലിചെയ്യാനുള്ള സാഹചര്യം വാര്‍ത്തെടുക്കണമെന്നതായിരുന്നു അന്നത്തെ ഗതാഗത മന്ത്രി ലക്ഷ്യമിട്ടിരുന്നത്.
മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. ഗതാഗത വകുപ്പ് ഭരിക്കുന്ന എന്‍.സി.പി ഭരണത്തിലേറി ഒരു വര്‍ഷം തികയും മുന്‍പേ വിവാദങ്ങളിലേര്‍പ്പെട്ടതോടെ ഇക്കാര്യത്തില്‍ വേണ്ട തീരുമാനം കൈക്കൊള്ളാനായില്ലെന്നതും വസ്തുത.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെന്നതിനാല്‍ പദ്ധതി ആവിഷ്‌കരിച്ചാല്‍ അദ്ദേഹത്തിന്റെ ഇമേജ് വര്‍ധിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ എന്‍.സി.പിക്കുള്ളത്. അതേ സമയം ജീവനക്കാര്‍ കൈയടിയോടെ സ്വീകരിച്ച മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ വലതുപക്ഷ യൂനിയന്‍ പോലും ആവശ്യമുയര്‍ത്തുന്നില്ലെന്നതും ഇപ്പോള്‍ ശ്രദ്ധേയമാണ്.
ഉദ്യോഗസ്ഥര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമാണ് ഇപ്പോള്‍. ജീവനക്കാര്‍ യൂനിഫോം ധാരികളാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ വ്യത്യസ്ത രീതിയിലുള്ള വസ്ത്രം ധരിച്ചെത്തുന്നതിനോട് അന്നു മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും രണ്ടു തരത്തില്‍ കാണുന്നത് ഉചിതമല്ലെന്ന നിലപാടായിരുന്നു കഴിഞ്ഞ സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."