സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; പഴയകുന്നുമ്മേല്‍ പഞ്ചായത്ത് സെക്രട്ടറി കരാറുകാരന് തുക നല്‍കിയില്ല
കിളിമാനൂര്‍: സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശിച്ചിട്ടും പഴയകുന്നുമ്മേല്‍ പഞ്ചായത്ത് സെക്രട്ടറി കരാറുകാരന് നല്‍കേണ്ട തുക മടക്കി നല്‍കിയില്ല. കിളിമാനൂരിലെ പൊതു മാര്‍ക്കറ്റ് ലേലവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തിന് സെക്രട്ടറി പുല്ലു വില കല്‍പ്പിച്ചിരിക്കുന്നത്.
2017-18 വര്‍ഷത്തെ പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കിളിമാനൂര്‍ മാര്‍ക്കറ്റ് ലേലം 21.33.333 രൂപയ്ക്ക് അടയമണ്‍ സ്വദേശി ഗുരുദാസനാണ് പിടിച്ചിരുന്നത്. പത്തേകാല്‍ ലക്ഷം രൂപ ഡിപ്പോസിറ്റും മതിയായ സോള്‍വന്‍സിയും ഗുരുദാസന്‍ പഞ്ചായത്തിന് നല്‍കിയിരുന്നു.
അതു പ്രകാരം 2017 ഏപ്രില്‍ ഒന്നു മുതല്‍ നികുതി പിരിവിന് ഗുരുദാസന്‍ ചെന്നപ്പോള്‍ മൂന്ന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നികുതി പിരിവ് തടസപ്പെടുത്തി. അന്യായമായി നികുതി പിരിക്കുന്നു എന്നാരോപിച്ചാണ് പിരിവ് തടസപ്പെടുത്തിയത്. സമരം കാരണം ഒരു ദിവസംപോലും നികുതി പിരിവ് നടന്നില്ല.
പിരിവ് മൂന്ന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിവരുന്നതായും മാര്‍ക്കറ്റിലെ നികുതി പിരിവ് നടത്താന്‍ വേണ്ടി പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിത്തരണമെന്നും കരാറുകാരന്‍ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
പഞ്ചായത്ത് സെക്രട്ടറിയോ ഭരണസമിതിയോ സംരക്ഷണം നല്‍കിയില്ല. 2017-18ല്‍ കരാറുകാരന് ഒരു ദിവസം പോലും ഒരു രൂപ പോലും പിരിക്കാനായില്ല. ഒടുവില്‍ ഇടതുപക്ഷ ഭരണസമിതി കരാറുകാരന്റെ ഡിപ്പോസിറ്റ് പത്തേകാല്‍ ലക്ഷം കണ്ട് കെട്ടാനും സോള്‍വന്‍സിയായി വെച്ച വസ്തു ജപ്തിചെയ്യാനും നടപടി തുടങ്ങി. ആ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് കരാറുകാരന്‍ പരാതിനല്‍കി. മുഖ്യമന്ത്രി പഞ്ചായത്തിന്റെ നടപടിക്ക് താല്‍ക്കാലിക സ്റ്റേ നല്‍കി. മാത്രവുമല്ല കരാറുകാരന്‍ ഗുരുദാസിന്റെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയു ചെയ്തു.
തുടര്‍ന്ന് പഞ്ചായത്ത് വിജിലന്‍സ് അന്വേഷിച്ചു. പരാതി കിട്ടിയിട്ടും കരാറുകാരന് പിരിക്കാന്‍ പഞ്ചായത്ത് സൗകര്യം ഒരുക്കിയില്ലെന്നും മൂന്ന് പഞ്ചായത്തംഗങ്ങള്‍ നികുതി പിരിവ് തടസപ്പെടുത്തിയിരുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആ വിവരം മഖ്യമന്ത്രിയുടെ ഓഫിസില്‍ വിജിലന്‍സ് കൈമാറി. ആ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ വകുപ്പിലെത്തി. അതും പ്രകാരം കരാറുകാരന്റെ പത്തേകാല്‍ ലക്ഷവും സോള്‍ വന്‍സിയും മടക്കി നല്‍കാനും മറ്റ് നടപടികള്‍ നിര്‍ത്തി വെക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഉത്തരവ് നല്‍കി.
ഏഴ് ദിവസത്തിനകം ഈ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ഉത്തരവ് കാലാവധി കഴിഞ്ഞിട്ടും സെക്രട്ടറി ബാഹ്യ ഇടപെടല്‍മൂലം ഇതേവരെ നടപ്പിലാക്കിയിട്ടില്ല.
ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വെച്ചിരുന്നെങ്കിലും അജണ്ടയില്‍ വന്ന തെറ്റ് മൂലം ചര്‍ച്ച നടന്നില്ല. അജണ്ടയില്‍ തെറ്റ് വന്നത് ചൂണ്ടി കാണിച്ച് പഞ്ചായത്ത് അംഗം ഗോവിന്ദന്‍ പോറ്റിയാണ് ക്രമപ്രശനം ഉന്നയിച്ചത്. ഇന്ന് നടക്കുന്ന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."