HOME
DETAILS
MAL
വന്ദേഭാരത് മിഷന്‍ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ച് ചൈന
backup
November 06 2020 | 03:11 AM
ബെയ്ജിങ്: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. സര്‍വിസിന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് നടപടി.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കൊമേഴ്ഷ്യല്‍ വിമാനസര്‍വിസുകള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുനരാരംഭിച്ചിട്ടില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വിസ് നടത്തിയിരുന്നു.
1500 ഇന്ത്യക്കാര്‍ ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മഹാമാരിയെ നേരിടുന്നതിനുള്ള ന്യായമായ നടപടിയാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ചൈനീസ് വിസയോ, റെസിഡന്‍സ് പെര്‍മിറ്റോ കൈവശമുള്ള ഇന്ത്യക്കാരുടെ ചൈനയിലേക്കു പ്രവേശിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവക്കാനാണ് ചൈനയുടെ തീരുമാനം. ഇവര്‍ നല്‍കുന്ന ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ചൈന എംബസി സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ചൈനീസ് നയതന്ത്ര, സേവന, സി-വിസകള്‍ കൈവശമുള്ളവര്‍ക്ക് നിയന്ത്രണം ബാധകമല്ല. അടിയന്തര- മാനുഷികാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോണ്‍ലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവും. വന്ദേഭാരത് മിഷന്‍ വഴി കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."