വയനാട്ടിലേത് ഏകപക്ഷീയമായ വെടിവയ്പ്പ്: മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്ന സമീപനം ശരിയല്ല,സര്‍ക്കാര്‍ തിരുത്തണമെന്ന് കാനം
തിരുവനന്തപുരം: വയനാട്ടില്‍ നടന്നത് ഏകപക്ഷീയമായ വെടിവെയ്‌പ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കേന്ദ്ര ഫണ്ടിന് വേണ്ടി മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന പൊലീസ് നടപടി തെറ്റാണെന്നും വെടിവെച്ച് കൊല്ലുന്ന നടപടി ഭരണകൂടം അവസാനിപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ചു കൊല്ലുന്നത്.സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയില്‍ നിലപാട് സിപിഐ വ്യക്തമാക്കി.
മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്നും വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി.മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു ഭീഷണിയല്ല. ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്.
വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടില്‍ മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും കോടതിക്ക് മുന്നില്‍ വരുന്നില്ലെന്നും കാനം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സര്‍ക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി.
അതേസമയം പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
നവംബര്‍ മൂന്നിനാണ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഒന്‍പത് മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നുമാണ് പൊലീസ് വാദം.അതേസമയം രാവിലെ ഏഴുമണിക്ക് തന്നെ വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഏറ്റുമുട്ടലുണ്ടായ പ്രദേശത്തിന് സമീപത്ത് താമസിക്കുന്ന ആദിവാസികള്‍ പറഞ്ഞു. തുടരെയുള്ള വെടിയൊച്ചകള്‍ കേട്ടിരുന്നതായും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."