സ്‌കൂളുകളില്‍ യൂനിഫോം വില്‍പന തകൃതി; സര്‍ക്കാരിന് നികുതി നഷ്ടം 300 കോടിയിലേറെ
കൊച്ചി: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂളുകളില്‍ യൂനിഫോം വില്‍പന തകൃതി. സ്‌കൂളുകളില്‍ യൂനിഫോം കച്ചവടം നടത്തരുതെന്ന സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് വിവിധ സ്‌കൂളുകള്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നത്.
സി.ബി.എസ്.ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളാണ് സര്‍ക്കാരിന് വന്‍ നികുതി നഷ്ടം വരുത്തി ബാഗും യൂനിഫോമും ഷൂസുമൊക്കെ കൊള്ളലാഭത്തില്‍ വിറ്റഴിക്കുന്നത്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന ഈ കച്ചവടം വാറ്റ്, വില്‍പന നികുതി ഇനങ്ങളില്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് മുന്നൂറുകോടിയിലധികം രൂപയാണെന്ന് വ്യാപാര രംഗത്തുള്ളവര്‍ പറയുന്നു. പല സ്‌കൂളുകളും നൂറ് ശതമാനംവരെ ലാഭമിട്ടാണ് ഇവ വിറ്റഴിക്കുന്നതെന്ന് രക്ഷകര്‍ത്താക്കളില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്.
രണ്ട് സെറ്റ് യൂനിഫോമിന് രണ്ടായിരത്തോളം രൂപയാണ് മുന്തിയ സ്‌കൂളുകള്‍ ഈടാക്കുന്നത്. 500 കുട്ടികളുള്ള ഒരു സ്‌കൂളില്‍ യൂനിഫോം വില്‍പന വഴി മാത്രം പത്തു ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. ആയിരം കുട്ടികളുള്ള സ്‌കൂളില്‍ ബാഗ്, ഷൂസ് തുടങ്ങിയവയുടെ വില്‍പന കൂടി കൂട്ടിയാല്‍ 25 ലക്ഷം രൂപവരെയെത്തും.
പല സ്‌കൂളുകളിലും മാനേജ്‌മെന്റാണ് യൂനിഫോം തുണി തെരഞ്ഞെടുക്കുന്നത്. ഗുണനിലവാരം സംബന്ധിച്ച് ധാരണയൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ്. തുണി മില്ല് പ്രതിനിധികളുടെ വാഗ്ദാനങ്ങളില്‍ വീണാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലാഭക്കൊതി കൂടിയാകുമ്പോള്‍ പൊതുവിപണിയിലേക്കാള്‍ ഉയര്‍ന്ന വിലയില്‍ ഗുണനിലവാരം കുറഞ്ഞ യൂനിഫോം വാങ്ങാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകും.
ക്വട്ടേഷന്‍ വിളിക്കലും മറ്റുമുണ്ടെങ്കിലും മുന്തിയ മില്ലുകളൊന്നും പങ്കെടുക്കാറില്ല. പങ്കെടുക്കുന്ന പല മില്ലുകളും സാമ്പിള്‍ കാണിക്കുന്നതിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞ തുണിയാണ് എത്തിക്കുക.
ചില മില്ലുകള്‍ യൂനിഫോമിനായി മാത്രം ഗുണനിലവാരം കുറഞ്ഞ തുണികള്‍ തയാറാക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."