ആദ്യ സ്വകാര്യ ചാന്ദ്രയാത്രാ ടിക്കറ്റ് ജപ്പാന്‍ കോടീശ്വരന്
ചന്ദ്രനിലേക്ക് ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയത് ജപ്പാനീസ് കോടീശ്വരന്‍ യുസാകു മീസാവ. തന്റെ കൂടെ ആറു മുതല്‍ എട്ടു വരെ കലാകാര്‍ ഉണ്ടാവുമെന്ന് യുസാകു പ്രഖ്യാപിച്ചു.
ഇലണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റാണ് ചന്ദ്രനിലേക്ക് ടിക്കറ്റ് വാങ്ങി സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച ലോസ് ആഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ആദ്യ യാത്രക്കാരനെ ഇലണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.
വെറുമൊരു യാത്ര മാത്രമല്ല, 42 കാരനായ യുസാകു പദ്ധതിയിടുന്നത്. പ്രമുഖ ആര്‍കിടെക്റ്റ്, ഡിസൈനര്‍ തുടങ്ങി സര്‍ഗാത്മക കഴിവുള്ള ഒരു സംഘത്തെയും അദ്ദേഹം കൂടെ കൂട്ടുന്നുണ്ട്. ഭൂമിയെ അതിന്റെ പൂര്‍ണരൂപത്തില്‍ കാണാനും ചന്ദ്രനെ തൊട്ടുരുമ്മി കാണാനും മാത്രമല്ല, യാത്രാനുഭവം നന്നായി പകര്‍ത്താന്‍ കൂടിയാണ് കലാകാരുടെ സംഘത്തെ കൂട്ടുന്നത്.
സോസോടൗണ്‍ എന്ന ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റ് ഉടമയായ യുസാകു ജപ്പാനിലെ ഏറ്റവും വലിയ സമ്പന്നനാണ്. യാത്രയ്ക്കായി യുസാകു വലിയ തുകയാണ് ചെലവഴിക്കുന്നതെന്ന് ഇലണ്‍ മസ്‌ക് പറഞ്ഞു. എന്നാല്‍ എത്രയാണ് ടിക്കറ്റ് നിരക്കെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഒരു ആര്‍ടിസ്റ്റ് കൂടിയായ യുസാകു തന്റെ യാത്രാനുഭവം നന്നായി പ്രതിഫലിപ്പിക്കണമെന്നും പ്രഖ്യാപിച്ചു. ''ഇത്രയും വലിയൊരു അനുഭവം എനിക്ക് ഒറ്റയ്ക്ക് അനുഭവിക്കണമെന്നില്ല''- അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആരൊക്കെയാണ് ക്ഷണിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇലണ്‍ മസ്‌കിനെ തന്നെ ക്ഷണിക്കണമെന്നുണ്ട് എന്നാണ് മറുപടി പറഞ്ഞത്.
അതേസമയം, ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ പണി പുരോഗമിക്കുകയാണെന്നും യാത്രയ്ക്ക് മുന്‍പ് പല തവണ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു. പുനരുപയോഗിക്കാന്‍ സാധിക്കുന്ന 118 മീറ്റര്‍ (387 അടി) റോക്കറ്റാണ് യാത്രയ്ക്കായി ഒരുക്കുന്നത്.
ചന്ദ്രനില്‍ ഇറങ്ങാന്‍ യാത്രക്കാര്‍ക്ക് അവസരം ഉണ്ടാവില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങിയായിരിക്കും മടങ്ങിവരവ്.
ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ഏകദേശം ദൂരം 2,37,685 മൈലാണ്. (3,82,500 കിലോമീറ്റര്‍). നാസയുടെ അപ്പോളോയാണ് അവസാനമായി ചാന്ദ്ര ദൗത്യത്തിന് പോയത്. 1968 മുതല്‍ 24 പേരാണ് ചന്ദ്രനില്‍ പോയത്. ഇതില്‍ പകുതിയില്‍ അധികം പേര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."