രാജേന്ദ്രനും കുടുംബത്തിനും നഷ്ടമായത് ഒരേക്കറിലധികം ഭൂമി
പനമരം: പ്രളയകാലത്ത് കബനി കുത്തിയൊഴുകിയതോടെ ഒരു കുടുംബത്തിന് നഷ്ടമായത് ഒരു ഏക്കറിലധികം ഭൂമി. കേണിച്ചിറ സ്വദേശി രാജേന്ദ്രനും കുടുംബവും ഇരുപത് വര്‍ഷത്തോളമായി കൈവശം വെക്കുന്ന ഭൂമിയാണ് ശക്തമായ കുത്തൊഴുക്കില്‍ ഇടിഞ്ഞ് പുഴയോട് ചേര്‍ന്നത്.
2000-01 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പനമരം മാത്തൂര്‍വയല്‍ പുഴക്ക് കുറുകെ ചെക്ക്ഡാം നിര്‍മിച്ചതോടെയാണ് ഈ കുടുംബത്തിന്റെ ഭൂമി ഇടിഞ്ഞ് പുഴയോട് ചേരാന്‍ തുടങ്ങിയത്. പ്രദേശത്തെ 600 ഹെക്ടര്‍ സ്ഥലത്തെ നെല്‍വയലുകളില്‍ ഇരുപ്പ് കൃഷിക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായാണ് 24 ലക്ഷം രൂപ ചെലവില്‍ ചെക്ക്ഡാം നിര്‍മിച്ചത്. എന്നാല്‍ ചെക്ക്ഡാം നിര്‍മിക്കുന്നതിന് മുമ്പ് പുഴയുടെ ഇരു കരയും കെട്ടി സംരക്ഷിക്കണമെന്നിരിക്കെ ഇതിന് തയാറാകാതെയാണ് അധികൃതര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചെക്ക്ഡാം നിര്‍മാണം അശാസ്ത്രീയമാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഇത് ഗൗനിച്ചിരുന്നില്ല. ഇതോടെ ഓരോ കാലവര്‍ഷമെത്തുമ്പോഴും പുഴയരികിലെ കൈവശ ഭൂമികള്‍ ഇടിഞ്ഞ് പുഴയോട് ചേരുകയാണ്. ഇതു സംബന്ധിച്ച് 2006ല്‍ സ്ഥലമുടമ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
ഓരോ കാലവര്‍ഷത്തിലും തെങ്ങ്, കുരുമുളക്, കവുങ്ങ്. കാപ്പി തുടങ്ങിയ ദീര്‍ഘകാല വിളകളാണ് കര്‍ഷകന് നഷ്ടമാകുന്നത്. ചെക്ക്ഡാമിന്റെ അശാസ്ത്രീയ നിര്‍മാണം കാരണം പുഴഗതി മാറി ഓഴുകാനും തുടങ്ങി. ഇതോടെ പുഴ പുറമ്പോക്കിലെ ആദിവാസികളുടെ ശ്മാനഭൂമിയും ഇല്ലാതെയായി. വര്‍ഷം കഴിയുന്തോറും ഇവരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ഇവര്‍ക്ക് നഷ്ടമായത്. നിലവില്‍ ഇവരുടെ ഭൂമിയുടെ മധ്യഭാഗത്ത് കൂടെ വെള്ളമൊഴുകാനും തുടങ്ങിയതോടെ എന്നെന്നെക്കുമായി ഭൂമി നഷ്ടമാകുമെന്ന ആശങ്കയിലാണ് ഈ കുടുംബം. പുഴക്ക് സംരക്ഷണ ഭിത്തിയൊരുക്കി വരുമാന മാര്‍ഗം നഷ്ടമാകുന്ന തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."