ഫ്രഞ്ച് ഫനാറ്റിസവും ഫനാറ്റിക് ഫ്രിഞ്ചും
നീസിലെ ക്രിസ്തീയ ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കയറി പ്രാര്‍ഥനക്കെത്തിയവരെ ആക്രമിച്ച ആയുധധാരികള്‍, കൊടിയ എതിര്‍പ്പുകളുടെയും പരിഹാസങ്ങളുടെയും മുഖത്ത് നോക്കി മന്ദഹസിച്ച് എതിരാളികളെ പൂവുപോലെ നേരിട്ട പ്രവാചകനോടുള്ള സ്‌നേഹത്താല്‍ പ്രചോദിതമായാണോ, യുദ്ധവേളയില്‍പോലും ആരാധനാലയങ്ങള്‍ ആക്രമിക്കരുതെന്ന് അനുശാസിച്ച, തിരുവിലക്കിനെ ലംഘിച്ച് ഈ അരുതായ്മക്ക് മുതിര്‍ന്നത്? അതോ അവരുടെ പ്രകോപനം കൂടുതല്‍ ആഴത്തില്‍ വേരോട്ടമുള്ള വംശീയ - ഗോത്ര വൈരാഗ്യങ്ങളോ? പുറത്ത് നിന്ന് നോക്കുമ്പോള്‍ ഫ്രാന്‍സില്‍ പൗരന്മാരോ അഭയാര്‍ഥികളോ ആയി ഈ ആഫ്രിക്കക്കാര്‍ താമസിക്കുന്നത് ഫ്രഞ്ച് ജനതയുടെ മഹാമനസ്‌കതയുടെ നിദര്‍ശനമാണ്. എന്നാല്‍, ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ ഫ്രാന്‍സിലെത്തിയത് തന്നെ, ഫ്രഞ്ചുകാര്‍ ആദ്യം തങ്ങളുടെ നാട്ടില്‍ വന്നത് കൊണ്ടാണ്; വെറുതേ വന്ന്, കണ്ട്, പോവുകയല്ല ഫ്രഞ്ചുകാര്‍ ചെയ്തത്. അവര്‍ ആ നാടുകള്‍ ക്രൂരമായി കൊള്ളയടിക്കുകയും അവിടത്തുകാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാത്സംഗങ്ങള്‍ക്കിരയാക്കുകയും ചെയ്തു. ഒന്നര നൂറ്റാണ്ടിലധികം നീണ്ട ചോര ചാലിച്ച ഈ ചരിത്രം ഫ്രഞ്ചുകാര്‍ വിസ്മൃതിയിലേക്ക് തള്ളിയ അശുഭ സ്മരണകളാണെങ്കിലും ഇരകള്‍ക്ക് ഇന്നും നീറ്റലുണ്ടാക്കുന്ന മുറിവാണ്.
ഫ്രഞ്ചുകാര്‍ അള്‍ജീരിയയില്‍ എത്ര പേരെ കൊന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഫ്രഞ്ചുകാര്‍ ഒന്നരമില്ല്യന്‍ എന്ന് കുറച്ച് കാണിക്കുമ്പോള്‍ ആഫ്രിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പത്ത് മില്ല്യന്‍ എന്ന് പറയുന്നു. അതെന്തായാലും തുനീഷ്യക്കാര്‍ക്കും അള്‍ജീരിയക്കാര്‍ക്കും അത് ദശലക്ഷക്കണക്കിന് തലയോട്ടികളും പിടക്കുന്ന ഹൃദയങ്ങളുമായിരുന്നു. 1962 ലാണ് കിരാതമായ അധിനിവേശം അവസാനിക്കുന്നത്. 1961ല്‍ തങ്ങളുടെ നാടിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അള്‍ജീരിയക്കാര്‍ പാരീസില്‍ പ്രകടനം നടത്തി. ആ പ്രകടനത്തെ പൊലിസ് നേരിട്ടത് തോക്കും വെടിയുണ്ടകളുമായാണ്. 400 ഓളം പേര്‍ വെടിവയ്പ്പില്‍ മരിച്ചു. അവര്‍ ചെയ്ത തെറ്റ് തങ്ങളുടെ സ്വാതന്ത്ര്യ ദാഹത്തിന് ആവിഷ്‌കാരം നല്‍കിയെന്നത് മാത്രം. ദീര്‍ഘകാലം ഈ കൂട്ടഹത്യ അംഗീകരിക്കാന്‍ ഫ്രഞ്ച് അധികൃതര്‍ വിസമ്മതിച്ചു. 1998ല്‍ നാല്‍പ്പത് പ്രകടനക്കാര്‍ മരിച്ചതായി കുറ്റസമ്മതം നടത്തി. മറ്റൊരര്‍ഥത്തില്‍, നാല്‍പ്പത് മൃതദേഹങ്ങള്‍ എണ്ണാന്‍ നാല്‍പ്പത് വര്‍ഷം വേണ്ടി വന്നു.
ഫ്രാന്‍സിന്റെ ഇസ്‌ലാമിനെ കുറിക്കുന്ന വ്യവഹാരപരിസരം അടിമുടി വരേണ്യവംശീയതയുടെ ഉല്‍പന്നമാണ്. നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശം മുതല്‍ ഇതിങ്ങനെയായിരുന്നു. ഈജിപ്തിലായിരുന്നപ്പോള്‍, താന്‍ മുസ്‌ലിമായെന്നും, പ്രവാചകനെ സ്വപ്നദര്‍ശനം ചെയ്തുവെന്നും നെപ്പോളിയന്‍ അവകാശപ്പെട്ടത് ചരിത്ര ഇടനാഴികയിലെ ഒരു വെറും തമാശ. ഫ്രാന്‍സിലെ പ്രസിദ്ധമായ 'മ്യൂസിയം ഓഫ് മാന്‍കൈന്‍ഡില്‍' ഒരു തലയോട്ടിയുണ്ട്. കൊടിയ കുറ്റവാളിയുടേതെന്ന അടിക്കുറിപ്പോടെയുള്ള ആ തലയോട്ടി, മതഭ്രാന്തിന്റെ ഉദാഹരണമായി വര്‍ഷങ്ങളോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കാണിക്കപ്പെട്ടു. അതിന്റെ ഒരു ഭാഗത്തുള്ള മുഴ ഭ്രാന്തിന്റെ പ്രഭവസ്ഥാനമായി ഭിഷഗ്വരര്‍ വിലയിരുത്തി. സുലൈമാന്‍ ഹലബി എന്ന പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച സിറിയക്കാരന്റേതാണ് തലയോട്ടി. അധിനിവേശ സൈനികമേധാവി ജീന്‍ ബാപ്റ്റിസ്‌റ്റേ ക്ലബറിനെ കൊലപ്പെടുത്തിയതായിരുന്നു ഹലബിയുടെ കുറ്റം. മറ്റൊരര്‍ഥത്തില്‍, 'മാന്യമായ' അധിനിവേശ ലക്ഷ്യവുമായി വന്ന സായിപ്പന്‍മാരെ ഹാരമണിയിച്ച് സ്വീകരിക്കുന്നതിന് പകരം ഭഗത് സിങ് ചെയ്തത് പോലെ ഹലബി അവരെ ആയുധവുമായി നേരിട്ടു. ബ്രിട്ടിഷുകാര്‍ക്ക് പകരം, ഫ്രഞ്ചുകാരായിരുന്നു ഇന്ത്യ ഭരിച്ചതെങ്കില്‍, അവര്‍ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുക മാത്രമല്ല, തലയോട്ടി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക കൂടി ചെയ്യുമായിരുന്നു. ആംഗല ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, ഫ്രഞ്ചുകാരേയും മറ്റ് യൂറോപ്യരേയും അപേക്ഷിച്ച് വളരെ സൗമ്യപ്രകൃതരായിരുന്നു ബ്രിട്ടിഷ് യോദ്ധാക്കള്‍. ലാപിയറിന്റേയും കോളിന്‍സിന്റേയും അഭിപ്രായത്തില്‍, ലാഭക്കൊതിയരായിരുന്ന ബ്രിട്ടിഷുകാര്‍, ഫ്രഞ്ചുകാരെയും പോര്‍ച്ചുഗീസുകാരെയും പോലെ യേശുവിനോ ബൈബിളിനോ വേണ്ടി ആയിരുന്നില്ല സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയത്. ആര്‍ത്തി പണ്ടാരങ്ങളായ അവര്‍ ആരാധിച്ചിരുന്നത് പണത്തിന്റെ യവനദേവനായ മാമണെ മാത്രം! ഇന്ത്യയെ കട്ട് മുടിച്ചുവെങ്കിലും ബെല്‍ജിയംകാര്‍ കോംഗോയിലോ, ഫ്രഞ്ചുകാര്‍ അള്‍ജീരിയയിലോ ചെയ്തത് പോലുള്ള നരമേധങ്ങള്‍ അവര്‍ നടത്തിയില്ല. ഹലബിയുടെ ഒരു തലയോട്ടി മാത്രമല്ല, ഫ്രഞ്ച് മ്യൂസിയത്തിലുള്ളത്. ഈ വര്‍ഷം ജൂലൈയിലാണ് 24 അള്‍ജീരിയന്‍ തലയോട്ടികള്‍ മാതൃരാജ്യത്തിലേക്ക് തിരിച്ചയക്കാന്‍ ഫ്രഞ്ചുകാര്‍ തീരുമാനിച്ചത്.
തങ്ങളുടെ രാജ്യം മനുഷ്യാവകാശങ്ങളുടെ ഈറ്റില്ലമാണെന്ന് വരുത്താനാണ് ഫ്രഞ്ച് ശ്രമം. പക്ഷേ, ഏറെ ഒട്ടകപ്പക്ഷി ചമയേണ്ടി വരുന്ന ഒരു സാഹസികോദ്യമമാണിത്. ഫ്രഞ്ച് ബുദ്ധിജീവി അമീന്‍ മലൂഫ് എഴുതിയത് പോലെ ഇസ്താംബൂളും ബഗ്ദാദുമടക്കമുളള നഗരങ്ങള്‍ മതസൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകകളായി പരിലസിച്ച നൂറ്റാണ്ടുകളില്‍ കാത്തലിക് ഫ്രാന്‍സും സ്‌പെയ്‌നുമടക്കമുള്ള രാജ്യങ്ങള്‍ ഇന്‍ക്വിസിഷന്റേയും മതദ്വേഷത്തിന്റേയും തമോഗര്‍ത്തങ്ങളായിരുന്നു. ഇന്‍ക്വിസിഷന്റെ പ്രഭവകേന്ദ്രമായിരുന്ന ഫ്രാന്‍സ് അഗ്നിഹോമം ചെയ്ത് കൊന്നവരുടെ പട്ടികയില്‍, അവരുടെ ഇതിഹാസ നായിക ജോആന്‍ ഓഫ് ആര്‍ക്കും പെടുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ചോദ്യം ലളിതം: ഫ്രാന്‍സിലെ ഏത് ശവക്കല്ലറയില്‍ നിന്നും മതഭ്രാന്തരുടെ തലയോട്ടി കിട്ടാനുള്ളപ്പോള്‍ എന്തിന് ഒരു അള്‍ജീരിയന്‍ തലയോട്ടി കടല്‍ കടത്തി കൊണ്ട് വന്നു. ഒരര്‍ഥത്തില്‍, പാരീസിലെ മുഴുവന്‍ സുഗന്ധ തൈലങ്ങളും തേച്ചുകുളിപ്പിച്ചാലും തീരാത്ത പാപങ്ങളാണ് മതത്തിന്റെയും അധിനിവേശത്തിന്റെയും പേരില്‍ ഫ്രഞ്ചുകാര്‍ കാട്ടിക്കൂട്ടിയത്. ജൈവവിധിനിര്‍ണയ വാദികള്‍ ഇതൊരു ജനിതക തകരാറായി വിലയിരുത്തിയേക്കാം; കാരണം ചരിത്രത്തിലെ ആദ്യ നരഭോജികളുടെ ആസ്ഥാനം ഫ്രാന്‍സിലെ മൗലഗുആര്‍ഷി മലമടക്കുകള്‍ ആയിരുന്നല്ലോ.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പടിഞ്ഞാറന്‍ വ്യവഹാരം യഥാര്‍ഥത്തില്‍ അതിന്റെ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെയും തീവ്രദേശീയതയുടെയും ഉല്‍പന്നമത്രേ. യേശുവും ബൈബിളും യൂറോപ്യര്‍ക്ക് പ്രിയങ്കരമായ കാലമുണ്ടായിരുന്നു. അന്ന് മതത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നവരെ 'മാന്യ'മായി കുന്തത്തില്‍ തറച്ച് കത്തിച്ച് കൊല്ലുകയായിരുന്നു അവര്‍ ചെയ്തത്. പിന്നെ, അവര്‍ ദൈവവും മതവും വേണ്ടെന്ന് വെച്ച്, ഡാര്‍വിനെയും ദേശീയതയെയും പകരം പ്രതിഷ്ഠിച്ചു. ഇപ്പോള്‍ ഇതര വിശ്വാസങ്ങളെയും, പാവനസങ്കല്‍പ്പങ്ങളെയും ഇകഴ്ത്തുന്നതില്‍ അവര്‍ ആത്മരതി തേടുന്നു. ഞങ്ങള്‍ ദൈവത്തെയും ബൈബിളിനെയും എഴുതി തള്ളി; അതിനാല്‍ നിങ്ങളും എന്ന ബാലിശ ശാഠ്യമാണ് ഇവിടെ ആവിഷ്‌കാര സ്വാതതന്ത്ര്യത്തിന്റെ പ്രഛന്നവേഷത്തില്‍ ആനയിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ ആവിഷ്‌കാരത്തിന് പരിധികള്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന നിരവധി നിയമങ്ങള്‍ യൂറോപ്പിലുണ്ട്. ദേശീയ പതാകയെയോ ഗാനത്തെയോ അവഹേളിക്കുക യൂറോപ്യന്‍ രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. ഫ്രഞ്ചുകാര്‍ തങ്ങളുടെ നാട്ടില്‍ നടത്തിയ ക്രൂരതകളുടെ തിക്തസ്മരണകള്‍ പേറുന്ന ഒരള്‍ജീരിയന്‍ വംശജന്‍ 2010ല്‍ ഫ്രഞ്ച് പതാകയെ അവഹേളിച്ചതിന്റ പേരില്‍ നടപടികള്‍ നേരിടേണ്ടി വന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിരക്ഷിക്കുന്ന ഫ്രഞ്ച് നിയമങ്ങളൊന്നും അയാളുടെ രക്ഷക്കെത്തിയില്ല. ഹിറ്റ്‌ലര്‍ നടത്തിയ ജൂതധ്വംസനം നിഷേധിക്കുകയോ, അതിന്റ വ്യാപ്തി ചോദ്യം ചെയ്യുകയോ ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജയിലിലടക്കപ്പെടാവുന്ന ശിക്ഷയാണ്. എന്നാല്‍ സ്റ്റാലിന്റെ നരമേധങ്ങള്‍ ചോദ്യം ചെയ്‌തെന്ന് കരുതി ആരും തുറുങ്കിലടക്കപ്പെടുന്ന പ്രശ്‌നമില്ല.
ചിലര്‍ക്ക് മാത്രമേ ശബ്ദിക്കാനവകാശമുള്ളൂവെന്നും, ചിലര്‍ പറയുന്നത് മാത്രമേ കേള്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ഉറപ്പാക്കുന്ന കാണാചരടുകളാല്‍ ബന്ധിതമാണ് പടിഞ്ഞാറിന്റെ സാംസ്‌കാരിക പരിസരം. സാമ്രാജ്യാനന്തര ചിന്തകര്‍ ഇതിനെ 'ദ ഗ്രൈറ്റ് ചെയ്ന്‍ ഓഫ് സ്പീകിങ്' എന്ന് വിളിക്കുന്നു. അവിടെ ചിലര്‍ നിരന്തരം സംസാരിക്കുന്നു; മറ്റുള്ളവരുടെ മേക്കിട്ട് കയറുന്നു. പടിഞ്ഞാറന്‍ വിനോദവ്യവസായങ്ങള്‍ എങ്ങനെ വെള്ളക്കാരന്റെ താന്‍പോരിമയും അഹംബോധവും സംരക്ഷിക്കുന്നതില്‍ ജാഗരൂകരാണെന്നതിനെ കുറിച്ച് മലൂഫ് സൂചിപ്പിക്കുന്നു. 'ഹോളിവുഡ് ത്രില്ലറുകളില്‍ പോലും അത്യപൂര്‍വമായേ ഒരു വെളുത്ത കുറ്റവാളിയെ കറുത്ത പൊലിസുകാരന്‍ അറസ്റ്റ് ചെയ്യുന്ന രംഗം കാണൂ; വെളുത്ത പ്രേക്ഷകരില്‍ ഇതുണ്ടാക്കുന്ന അലോസരത്തെ കുറിച്ച് സംവിധായകര്‍ വളരെ ബോധവാന്‍മാരാണ്. ഒരു സന്തുഷ്ടകുടുംബത്തിന്റെ ചിത്രം കാണിക്കുമ്പോള്‍, ഒരു വെള്ളക്കാരിയും കറുത്തവനും കൂടുന്ന ദാമ്പത്യമായിരിക്കരുതെന്ന് അവര്‍ ശഠിക്കുന്നു'.
അപ്രിയ സത്യങ്ങള്‍ മൂടിവെക്കാനും അഹിത വസ്തുതകള്‍ തമസ്‌കരിക്കാനും വേണ്ട അനവധി സംവിധാനങ്ങളുടെ വലയത്തിലാണ് പടിഞ്ഞാറിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം നിലകൊള്ളുന്നത്. അക്കാദമിക ബഹിഷ്‌കരണം മുതല്‍ ചരിത്രത്തിന്റെ സമര്‍ഥമായ സെന്‍സറിങ് വരെ ഇതില്‍ പെടുന്നു. ആ വലക്കണ്ണികളില്‍ പെട്ട് തകര്‍ന്നുടയുന്ന അസാന്‍ജമാരുണ്ടെങ്കിലും അവരുടെ രോദനം പുറംലോകം അപൂര്‍വമായേ കേള്‍ക്കൂ.
ചരിത്രവസ്തുതകള്‍ എന്തായാലും പ്രവാചകന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതും ചോര ചിന്തുന്നതും ന്യായീകരിക്കാനാവില്ല. കൊടിയ ശത്രുക്കളെ പോലും സ്‌നേഹതീവ്രതയില്‍ മെരുക്കിയ മികവിന്റെ നിദര്‍ശനമായിരുന്നു നബി. ഊരിപ്പിടിച്ച വാളുമായി കൊല്ലാന്‍ വന്ന ഉമറാണ് പ്രവാചകന്റെ ഏറ്റവും വലിയ അനുയായി ആയി മാറിയത്. പ്രവാചകഭര്‍ത്സനം തൊഴിലാക്കിയ കഅബ് ബ്‌നു സുഹൈറാണ് പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് പിന്നീട് പേരെടുത്തത്. ഇവിടെ അക്ബര്‍ ചക്രവര്‍ത്തി എടുത്ത നടപടി പരാമര്‍ശമര്‍ഹിക്കുന്നു. തന്റെ ഉമ്മയുടെ ഒരേയൊരാഗ്രഹമേ ചക്രവര്‍ത്തി പൂര്‍ത്തികരിക്കാതിരുന്നുള്ളൂ; പോര്‍ച്ചുഗീസുകാര്‍ നായയുടെ ചെവിയില്‍ ഖുര്‍ആന്‍ കെട്ടിത്തൂക്കിയതിന് അതേ രീതിയില്‍ അവരുടെ വേദഗ്രന്ഥത്തെ നിന്ദിക്കണമെന്ന അഭ്യര്‍ഥനയായിരുന്നു അത്. ഒരു തിന്മയ്ക്ക് മറ്റൊരു തിന്മ മറുപടിയല്ല എന്നാണ് ഇതിന് അക്ബര്‍ പറഞ്ഞ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."