ലോക്കറിലെ പണമെടുക്കുമ്പോള്‍ സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നതായി വേണുഗോപാല്‍
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ സഹായത്തോടെ തുറന്ന ലോക്കറില്‍ നിന്ന് പണം എടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറിയിച്ചിരുന്നതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്ന ശിവശങ്കറിനൊപ്പമിരുത്തി വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്.
ശിവശങ്കറാണ് സ്വപ്നയെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയ്ക്ക് സ്ഥിരനിക്ഷേപം തുടങ്ങാന്‍ സഹായം ചെയ്തതെന്നും വേണുഗോപാല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
താനും സ്വപ്നയും ചേര്‍ന്നു സംയുക്തമായി ലോക്കര്‍ തുറന്നിരുന്നതായും വേണുഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വ്യക്തതവരുത്താനാണ് ഇ.ഡി വേണുഗോപാലിനെ വിളിച്ചുവരുത്തി ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്തത്. സ്വപ്ന 30 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതു സംബന്ധിച്ച് ശിവശങ്കറും വേണുഗോപാലുമായി നടത്തിയ വാട്സ്ആപ് സന്ദേശങ്ങള്‍ സംബന്ധിച്ചും അന്വേഷണസംഘം വ്യക്തത വരുത്തിയതായാണ് സൂചന.
സ്വപ്ന കൊണ്ടുവന്ന പണം സൂക്ഷിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും താനും സ്വപ്നയും ഒരുമിച്ചാണ് പണം നിക്ഷേപിച്ചതെന്നും വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇടക്കിടെ സ്വപ്ന പണം പിന്‍വലിച്ചിരുന്നെന്നും ലോക്കര്‍ പൂട്ടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ സ്വപ്നയോട് ചോദിച്ച് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും ശിവശങ്കര്‍ മറുപടി പറഞ്ഞതായും വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന ബാങ്കില്‍ നിക്ഷേപിച്ച തുക സംബന്ധിച്ചും ഇന്നലെ ഇ.ഡി വ്യക്തത വരുത്തിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."