ദലിത് കുടുംബത്തിന്റെ ആനുകൂല്യം തട്ടിയെടുത്തതായി പരാതി
ബദിയഡുക്ക: സ്വന്തമായി വീടും ഭൂമിയുമില്ലാത്ത ദലിത് കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക പഞ്ചായത്തിലെ കന്യപ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷ-ശങ്കരന് ദമ്പതികളുടെ ആനുകൂല്യമാണ് തട്ടിയെടുത്തത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വീട് നിര്‍മിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. ഇതുപ്രകാരം ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലം വാങ്ങുന്നതിനായി 3,75,000രൂപ അനുവദിച്ചു. സ്ഥലം കണ്ടെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ചെങ്കള പഞ്ചായത്ത് അംഗം ഉഷയെ സമീപിക്കുകയും സാലത്തടുക്ക എന്ന സ്ഥലത്ത് ഒന്‍പത് സെന്റ് സ്ഥലം തരപ്പെടുത്തി തരമെന്ന് പറഞ്ഞതായും ഉഷ പറയുന്നു. തുടര്‍ന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അഞ്ചു സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും നാലു സെന്റ് പിന്നീട് തരാമെന്ന് പറഞ്ഞ് പഞ്ചായത്തംഗം വഞ്ചിച്ചെന്നാണ് പരാതി.
കൂടാതെ സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്കിയ ഉടമയെ ബന്ധപ്പെട്ടപ്പോള്‍ 2,15,000 രൂപക്ക് അഞ്ചു സെന്റ് സ്ഥലം നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഉഷ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബദിയഡുക്ക പൊലിസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലിസ് തയാറായില്ലെന്ന് ഉഷ ആരോപിച്ചു.
അതേസമയം ഉഷക്ക് പട്ടികജാതി വികസന വകുപ്പില്‍നിന്ന് സ്ഥലം വാങ്ങുന്നതിനും വീട് പണിയുന്നതിനും ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അതിനിടയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പട്ടികജാതി വികസന ഓഫിസര്‍ പി.ബി ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."