വയനാട്ടില്‍ വീണ്ടും കാട്ടാനയെ വെടിവച്ചുകൊന്നു
പനമരം: വയനാട്ടില്‍ വീണ്ടും ദുരൂഹസാഹചര്യത്തില്‍ കാട്ടാന വെടിയേറ്റു ചെരിഞ്ഞ നിലയില്‍. ചെതലയം നെയ്കുപ്പ സെക്ഷനിലെ വനാതിര്‍ത്തിയിലാണ് പിടിയാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
11 വയസ് പ്രായം കണക്കാക്കുന്ന കാട്ടാനയെ ഇന്നലെ രാവിലെ 11നാണു നാട്ടുകാര്‍ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. നെറ്റിയിലും കഴുത്തിനു താഴെയുമായി മൂന്ന് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നെറ്റിയില്‍നിന്ന് മൂന്നു വെടിയുണ്ടകള്‍ ലഭിച്ചു. ഇതോടെ കാട്ടാനയെ വെടിവച്ചു കൊന്നതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തെ വനത്തില്‍ കുഴിച്ചുമൂടി. വിവരമറിഞ്ഞ് ജില്ലാ പൊലിസ് ചീഫ് കെ. കാര്‍ത്തിക്, വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ധനേഷ്‌കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി വി.ജി കുഞ്ഞന്‍, ചെതലയം റെയ്ഞ്ച് ഓഫിസര്‍ സജീവ്കുമാര്‍, പാതിരിയമ്പം ഫോറസ്റ്റ് ഓഫിസര്‍ മുസ്തഫ സാദിഖ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
അതിനിടെ, കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയ സ്വകാര്യ കൃഷിയിടത്തിന്റെ ഉടമ മേലേകാപ്പ് നാരായണനെ പ്രതിയാക്കി പൊലിസ് കേസെടുത്തു.
കേസന്വേഷണത്തിന് രണ്ട് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 30നും ജില്ലയില്‍ കാട്ടാനയെ വെടിവച്ചു കൊന്നിരുന്നു. അന്ന് ബത്തേരി-പുല്‍പ്പള്ളി സംസ്ഥാനപാതയിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെടുന്ന നാലാംമൈലിലാണ് 15 വയസ് പ്രായമുള്ള പിടിയാന വെടിയേറ്റു ചെരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ വനംവകുപ്പ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് വീണ്ടും കാട്ടാനയെ വെടിവച്ചുകൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."