സഊദിയിലേക്കുള്ള യാത്രാ തടസ്സം ഉടനെ നീങ്ങുമെന്ന് അംബാസഡർ
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സഊദിയിലേക്ക് മടങ്ങുന്നതിന് വേണ്ടി നടപടികൾ സ്വീകരിച്ചു വരികയാണെന്നും താമസിയാതെ ഇതിനു ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് പറഞ്ഞു. ഇന്ത്യയിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് സഊദിയിലെത്താവുന്ന സർവീസുകളാണ് ഇതിനു പരിഹാരം. അത് എന്നേക്കു സാധ്യമാകുമെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെങ്കിലും സാഹചര്യങ്ങൾ മാറിയതനുസരിച്ച പുരോഗതി ഇക്കാര്യത്തിലുണ്ടാകുമെന്നും അത് ഗുണകരമായി മാറുമെന്നും
അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെ കൊവിഡിന്റെയും രോഗവ്യാപന തോതിന്റെയും സെപ്റ്റംബറിലെ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽനിന്നുള്ളവർക്ക് ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളോടൊപ്പം സഊദി വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇന്ന് ഇന്ത്യ ഏറെ മുന്നിലാണ്. സെപ്റ്റംബറിൽ പ്രതിദിനം 90,000 രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അതിന്റെ നേർ പകുതി രോഗികളെയുള്ളൂ.
രോഗമുക്തിയിലും മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിലും ഇന്ത്യ വളരെയേറെ മുന്നിലാണ്. നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി വരുന്നതു മൂലം അതിന്റെ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്. ഉംറ തീർഥാടകരുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സഊദി സിവിൽ വ്യോമയാന വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവർക്കു ബോധ്യമായിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യ സഊദി വ്യോമയായ ഉഭയകക്ഷി കരാർ പ്രകാരം സഊദിയിൽനിന്നുള്ള ഇന്ത്യക്കാർക്കു മടങ്ങുന്നതിനും ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം പ്രവർത്തിക്കുന്നവർക്ക് തിരിച്ചെത്തുന്നതിനും ഇപ്പോൾ തന്നെ സാധ്യമാണ്. സഊദി എയർലൈൻസും എയർ ഇന്ത്യയും ഇന്ത്യയിൽനിന്നു സർവീസിനും ഒരുക്കമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള സാധാരണക്കാരായ പ്രവാസികൾക്കു മടുങ്ങുന്നതിനുള്ള അവസരംകൂടി സൃഷ്ടിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും ഇതു സംബന്ധിച്ച വ്യോമയാന വകുപ്പുകളുടെ ചർച്ച പുരോഗതിയിലാണെന്നും അംബാസഡർ പറഞ്ഞു.
അതേ സമയം ഈ വര്‍ഷത്തെ ഹജിനുള്ള അപേക്ഷകള്‍ ഇന്ത്യയില്‍ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ ഹജ് മിഷനും ഹജ് ഉംറ മന്ത്രാലയവുമായി ചര്‍ച്ച നടത്തി വിവിധ നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സഊദി അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഹജിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചാല്‍ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരിശീലനവും ഇന്ത്യയില്‍തന്നെ നല്‍കുമെന്ന് അംബാസിഡര്‍ പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള കര്‍മങ്ങളായിരിക്കുമുണ്ടാവുക.
ആരോഗ്യമന്ത്രാലയത്തിന്റെ കൂടി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി ഉണ്ടാവുക. 60 വയസ്സിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിക്ക് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം നിലവിൽ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിസ സേവനം പുനരാരംഭിച്ചുവെന്നും വിനോദ സഞ്ചാര വിസ ഒഴികെ ഇന്ത്യയിലേക്കുള്ള മറ്റു വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായും അംബാസഡര്‍ ഡോ. ഒസാഫ് സഈദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."