പ്രളയം: കേരള ഹൗസില്‍ ഇതുവരെ ലഭിച്ചത് 45 കോടി
ന്യൂഡല്‍ഹി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനുള്ള സഹായ പ്രവാഹം തുടരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സ്വീകരിക്കാനായി ഡല്‍ഹിയിലെ കേരള ഹൗസില്‍ തുറന്ന പ്രത്യേക കൗണ്ടറില്‍ ഇന്നലെ വൈകിട്ട് വരെ ലഭിച്ചത് 45 കോടി രൂപ. ഇന്നലെ മാത്രം 69,44,484.14 രൂപയും ലഭിച്ചു. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ 'സ്മൃതി' സമാഹരിച്ച 5,07,000 രൂപയുടെ ഡി.ഡി വിദ്യാര്‍ഥികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി.
കേരള ഹൗസില്‍ വച്ച് സ്മൃതി കണ്‍വീനര്‍ രോഹിണി മേനോനും ഖജാന്‍ജി അസ്‌നയും ചേര്‍ന്നാണ് തുക കൈമാറിയത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഷാഹിദ് അഷ്‌റഫിന് ഭാരവാഹികള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ അധ്യാപക, അനധ്യാപക സ്റ്റാഫിന്റേയും ഒരുദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ധാരണയായിരുന്നു. ദുരിതാശ്വാസത്തിനായി വിവിധ മാധ്യമങ്ങളിലെ സുപ്രിംകോടതി ലേഖകര്‍ സമാഹരിച്ച 18,60,700 രൂപ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി കടകംപള്ളിക്കു കൈമാറിയിരുന്നു.
ദുരിതാശ്വാസ സാധനങ്ങളായി ലഭിച്ച അഞ്ച് ടണ്‍ മരുന്നുകള്‍ എയര്‍ഇന്ത്യ വിമാനം വഴി ഇന്നു രാവിലെ തിരുവനന്തപുരത്തും കൊച്ചിയിലുമായി എത്തും. ഹിമാചല്‍ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംഭാവനചെയ്ത രണ്ടുകോടി രൂപയിലേറെ വിലവരുന്ന മരുന്നുകളും ഇതില്‍പെടും. സുപ്രിം കോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.സി ചൗധരി, മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജീവ് ഭൂഷണ്‍, ഹിമാചല്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ വഴി നടത്തിയ ഇടപെടലുകളാണ് അവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍ ഇടയാക്കിയത്.
ജമ്മുകശ്മിര്‍ ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ജീവനക്കാരും ഉള്‍പ്പെടെ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്തു. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ചീഫ്ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായ ഫുള്‍ ബെഞ്ച് പ്രമേയം പാസാക്കിയിരുന്നു. ഇതുപ്രകാരം ലഭിച്ച 62,27,926 തുകയാണ് കേരളത്തിനു കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."