റഷ്യന്‍ സൈനിക വിമാനം കാണാതായി; പിന്നില്‍ ഇസ്‌റാഈലെന്ന് ആരോപണം
മോസ്‌കോ: 15 പേരുമായി പുറപ്പെട്ട റഷ്യന്‍ സൈനിക വിമാനം മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ വച്ച് കാണാതായി. റഷ്യന്‍ ഐ.എല്‍-20 വിമാനമാണ് തിങ്കളാഴ്ച രാത്രി കാണാതായത്. സിറിയന്‍ തീരത്ത് നിന്ന് 35 കി.മീ അകലെയായിരുന്നു വിമാനം.
സിറിയയിലെ ഹുമൈമ് വ്യോമതാവളത്തിലേക്ക് മടങ്ങിയ വിമാനമാണ് കാണാതായതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിന്റെ എഫ്-16 വിഭാഗത്തില്‍പ്പെട്ട നാല് വിമാനങ്ങള്‍ സിറിയയിലെ ലഡാകിയ പ്രവിശ്യയില്‍ ആക്രമണം നടത്തുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
വ്യോമപാതയില്‍ ഇസ്‌റാഈലുണ്ടാക്കിയ അപ്രതീക്ഷിത സാഹചര്യത്തെ തുടര്‍ന്ന് അബദ്ധത്തില്‍ സിറിയന്‍ സൈന്യമാണ് വിമാനം വെടിവച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. സംഭവത്തിന് പിന്നിലെ പൂര്‍ണ ഉത്തരവാദിത്വം ഇസ്‌റാഈലിനാണെന്ന് മന്ത്രാലയം പറഞ്ഞു.
നിരുത്തരവാദിത്വ പ്രവര്‍ത്തനമാണ് ഇസ്‌റാഈലില്‍ നിന്നുണ്ടായത്. സിറിയയിലേക്ക് ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ഒരു മിനിറ്റിലും കുറഞ്ഞ സമയത്താണ് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ ഭാഗത്ത് നിന്ന് വിമാനം പിന്‍വലിക്കാനോ ജാഗ്രത പാലിക്കാനോ ഉള്ള സമയം ലഭിച്ചില്ല. ഇസ്‌റാഈല്‍ കരുതിക്കൂട്ടി അപകട സാഹചര്യമുണ്ടാക്കിയതാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.
ഇസ്‌റാഈല്‍ റഷ്യന്‍ വിമാനത്തെ മറയാക്കുകയായിരുന്നു. ഇസ്‌റാഈലിന്റെ നിരുത്തരവാദിത്വത്താലാണ് 15 സൈനികര്‍ കൊല്ലപ്പെട്ടതെന്ന് വക്താവ് പറഞ്ഞു.
എന്നാല്‍, സിറിയന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും തങ്ങളുടെ പ്രവൃത്തികള്‍ കൃത്യമായിരുന്നുവെന്നും ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു.
സിറിയന്‍ മിസൈലുകളാണ് അനുചിതമായ രീതിയില്‍ പ്രവര്‍ത്തിച്ചത്. റഷ്യന്‍ വിമാനങ്ങള്‍ വ്യോമ പാതയിലുണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്തുന്നതില്‍ സിറിയന്‍ സൈന്യം പരാജയപ്പെട്ടുവെന്ന് ഇസ്‌റാഈല്‍ സൈന്യം കുറ്റപ്പെടുത്തി.
വിമാനത്തിനെതിരേയുള്ള ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷിഗോയി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലൈബര്‍മാനുമായി ടെലിഫോണില്‍ സംസാരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഇസ്‌റാഈലിനാണെന്നും ഉചതിമായ മറുപടി നല്‍കുമെന്നും അദ്ദേഹം സംഭാഷണത്തില്‍ പറഞ്ഞു. ഇസ്‌റാഈല്‍ അംബസഡറെ വിളച്ചുവരുത്തി റഷ്യ വിശദീകരണം ചോദിച്ചു.
വിമാന അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേ സമയം ആകാശത്തുവച്ചുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് റഷ്യന്‍ യുദ്ധ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."