അനധികൃത വിദേശമദ്യ വില്പന: ഒരാള്‍ പിടിയില്‍
ഫറോക്ക്: അനധികൃതമായി സ്കൂട്ടറില്‍ വില്പനയ്ക്കു കൊണ്ടുപോകുകയായിരുന്ന വിദേശ മദ്യം എക്സൈസ് അധികൃതര്‍ പിടികൂടി. കല്ലായി സ്വദേശി നെല്ലോളിപ്പാടം വീട്ടില്‍ ശശീന്ദ്രബാബുവി(54)നെയാണ് ഹോണ്ട ഏവിയേറ്റര്‍ സ്കൂട്ടറില്‍ തിരുവണ്ണൂരില് വച്ച് എക്സൈസ് ഫറോക്ക് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളോടൊപ്പം 500 മില്ലി ലിറ്റര്‍ വീതമുള്ള 105 കുപ്പി വിദേശമദ്യമുണ്ടായിരുന്നു.
മാഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം വെള്ളയില്‍, കല്ലായി, ഫറോക്ക് തുടങ്ങിയ സ്റ്റേഷനുകളില്‍ മദ്യമെത്തിച്ചു നഗരത്തിലും സമീപപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വില്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണു പ്രതി പിടിയിലായത്. പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും തീരമേഖലയിലുമാണ് ഇയാള്‍ മദ്യവില്പന നടത്തുന്നത്. മാഹിയില്‍ നിന്ന് 100 മുതല്‍ 150 വരെ രൂപ നല്കി വാങ്ങുന്ന മദ്യം 400-500 രൂപയ്ക്കാണു നാട്ടില്‍ വിറ്റഴിക്കുന്നത്.
ഏറെക്കാലമായി അനധികൃത മദ്യക്കടത്തും വില്പനയും നടത്തിവരികയാണെന്ന വിവരത്തെ തുടര്‍ന്ന് ശശീന്ദ്രബാബുവിനെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. പണം വട്ടിപ്പലിശയ്ക്കു നല്കുന്ന ഇടപാടുകാരന് കൂടിയായ ഇയാള്‍ നേരത്തെ തലശ്ശേരിയില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും പ്രതിയാണെന്ന് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രിവന്റിവ് ഓഫിസര്‍മാരായ യോഗേഷ് വി, സി.കെ സതീശന്, എം. അബ്ദുല്‍ ഗഫൂര്‍, സിവില്‍ ഓഫിസര്‍മാരായ വി.എം മുഹമ്മദ് അസ്ലം, എന്‍. ശ്രീശാന്ത്, എന്‍.എസ് സന്ദീപ്, എം.കെ നിഷാന്ത് എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."