7.5 കോടിയുമായി മുങ്ങിയ മൂന്നുപേര്‍ പിടിയില്‍
സോമവാര്‍പേട്ട: ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്ന ഏഴരക്കോടി രൂപയുമായി മുങ്ങിയ കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 11ന് മംഗളൂരുവിലെ ആക്‌സിസ് ബാങ്കില്‍ നിന്നു ബംഗളൂരുവിലെ കോറമംഗല ശാഖയിലേക്കു കൊണ്ടുപോവുകയായിരുന്ന പണവും വാഹനവുമായി സംഘം കടന്നുകളയുകയായിരുന്നു.
സോമവാര്‍പേട്ട കുമ്പാരഗഡി ഗ്രാമവാസിയും ബാങ്ക് ഗണ്‍മാനുമായിരുന്ന ടി.എ പൂവയ്യ, എ.ടി.എം വാഹനത്തിന്റെ ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ കരിബസാപ്പ, കുംബാരഗഡിയിലെ കാശികാര്യപ്പ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കുമ്പാഗഡി ഗ്രാമത്തിലെ തംപുഗുത്തിയിലെ വനത്തിനകത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വനത്തിനകത്തു ഒളിപ്പിച്ചുവച്ച 5.88 കോടിയും പിടിച്ചെടുത്തു. കവര്‍ച്ചയിലെ മുഖ്യ ആസൂത്രകരെന്നു സംശയിക്കുന്ന ടി.എ ഭീമയ്യ, ടി.പി ബസപ്പ, ഉത്തപ്പ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. പ്രതികളെ സഹായിച്ചവരുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി. ഇവിടങ്ങളില്‍ നിന്നു പിടിയിലായ മനുകുമാര്‍, ഗിരീഷ് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. കുടക് എസ്.പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."