ഫലമെന്തായാലും അച്ചടക്കം പാലിക്കണം; പ്രവര്‍ത്തകരോട് തേജസ്വി യാദവ്
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും വോട്ടെണ്ണല്‍ ദിനത്തില്‍ അച്ചടക്കം പാലിക്കണമെന്ന് തേജസ്വി യാദവ്. പടക്കം പൊട്ടിക്കരുതെന്നും മോശമായി പെരുമാറരുതെന്നും രാഷ്ട്രീയ എതിരാളികളോട് മാന്യമായി പെരുമാറണമെന്നും രാഷ്ട്രീയ ജനതാദളിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പാര്‍ട്ടി നിര്‍ദേശം നല്‍കി.
''നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കുകയാണ്. ഫലം എന്തുതന്നെയായാലും നമ്മള്‍ മാന്യമായി പെരുമാറണം, സമാധാനം കാത്തു സൂക്ഷിക്കണം. പ്രവര്‍ത്തകര്‍ ആരുംതന്നെ പടക്കങ്ങള്‍, നിറങ്ങള്‍ തുടങ്ങിവ ഉപയോഗിക്കരുത്. വിജയത്തിന്റെ ആവേശത്തില്‍ യാതൊരുവിധ അച്ചടക്കരാഹിത്യവുമുണ്ടാവരുത്.'' -ആര്‍.ജെ.ഡി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലത്തിലുപരി, നാടിന്റെ ഉന്നമനവും ജനങ്ങളുടെ സൗകര്യവുമാണ് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രമെന്നും പാര്‍ട്ടി മറ്റൊരു ട്വീറ്റില്‍ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന മഹാ സഖ്യവും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യുവും ബി.ജെ.പിയുമുള്‍പ്പെടെയുള്ള എന്‍.ഡി.എ സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്.
ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലങ്ങളും മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."