കാത്തിരിപ്പിന് വിരാമം; പാറ്റൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയായി
ചാരുംമൂട്: നൂറനാട് പാറ്റൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ആര്‍ രാജേഷ് എം.എല്‍.എ അറിയിച്ചു. ഉടന്‍തന്നെ കുടിവെള്ള വിതരണത്തിനായി പമ്പിങ്ങിനുള്ള അനുമതി ലഭ്യമാകുകയും പമ്പിങ് ആരംഭിക്കുകയും ചെയ്യും. പിന്നീട് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും. ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവര്‍ഹെഡ് ടാങ്ക് എന്നിവയുടെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
വെള്ളം വിതരണം ചെയ്യാനുള്ള എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയായതായി എം എല്‍ എ അറിയിച്ചു. നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും, താമരക്കുളം, ചുനക്കര പഞ്ചായത്തുകളില്‍ ഭാഗികമായും ഈ പദ്ധതിയിലൂടെ ഇപ്പോള്‍ വെള്ളം എത്തിക്കാന്‍ കഴിയും. നിര്‍മ്മാണം ആരംഭിച്ച് എട്ടു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കാന്‍ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. 15.24 കോടി രൂപയായിരുന്നു ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് വീണ്ടും തുക അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 2.27 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ച് നല്‍കി. ജല അതോറിറ്റി കോട്ടയം ഡിവിഷന്റെ കീഴിലായിരുന്നു ആദ്യ ആറു വര്‍ഷക്കാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പിന്നീട് ആലപ്പുഴ പ്രൊജക്ട് ഡിവിഷന്റെ മേല്‍നോട്ടത്തിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. 2016 മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കുവാനുള്ള നടപടികള്‍ ഉണ്ടായില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒന്നാം ഘട്ടത്തില്‍ 7.74 കോടി രൂപയാണ് നൂറനാട്, ചുനക്കര ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണത്തിനായി അനുവദിച്ചത്. ഇത് ഉപയോഗിച്ച് പത്ത് ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. ഇടപ്പോണ്‍ അച്ചന്‍കോവിലാറ്റിലെ പമ്പ് ഹൗസില്‍ നിന്ന് പാറ്റൂരിലെ ജലസംഭരണിയിലേക്കുള്ള 4.5 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. രണ്ടാം ഘട്ടമായി താമരക്കുളം, പാലമേല്‍ പഞ്ചായത്തുകളിലായി എട്ട് കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനും സ്ഥാപിച്ചു. താമരക്കുളം പച്ചക്കാട് ജലസംഭരണിയിലേക്കുള്ള പമ്പിങ് ലൈന്‍ സ്ഥാപിക്കുന്നതിന് 5.5 കോടി രൂപയാണ് ചെലവഴിച്ചത്.
പദ്ധതി പ്രവര്‍ത്തനം തുടങ്ങിയാലും പല ഭാഗങ്ങളിലെയും ജലസംഭരണികളിപ്പോള്‍ അപകടസ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."