ദുരിതാശ്വാസം: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മന്ത്രി എം.എം മണി
നെടുങ്കണ്ടം:ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മന്ത്രി എം.എം മണി. പ്രളയത്തിനുശേഷം ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യമാണിപ്പോള്‍.
മഴക്കെടുതികളില്‍ ജില്ലയിലുണ്ടായ നാശനഷ്ടം ഇതുവരെ ശേഖരിച്ച കണക്കുകളേക്കാള്‍ പല മടങ്ങ് വലുതാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വെറും കണക്കുകള്‍കൊണ്ട് മാത്രം സൂചിപ്പിക്കാവുന്നതല്ല. ജില്ലയിലെ റോഡുകള്‍ നന്നാക്കണമെങ്കില്‍ തന്നെ വളരെ വലിയ തുക വേണം. അതിനാല്‍ പ്രളയത്തെ നേരിട്ടപോലെ ഒറ്റക്കെട്ടായി എല്ലാവരും ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിനായും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം ബ്ലോക്കില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം ബ്ലോക്കിലെ പഞ്ചായത്തുകള്‍, വിവധ സഹകരണ ബാങ്കുകള്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, എസ്‌റ്റേറ്റുകള്‍ തുടങ്ങി 41 പേരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ മന്ത്രി എം.എം മണി ഏറ്റുവാങ്ങി. ചടങ്ങില്‍ ലഭിച്ച ഏറ്റവും ഉയന്‍ന്ന തുകയായ 17 ലക്ഷം രൂപ സംഭാവന നല്‍കിയ നെടുങ്കണ്ടം പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പരിപാടിയിലൂടെ 67.31 ലക്ഷം രൂപ സമാഹരിച്ചതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു.
നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂനിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എ.ഡി.എം ശശിധരന്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ കെ യു ഷെരീഫ്, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."