ഒരൊപ്പില്‍ കുരുങ്ങിയാണ് തന്റെ ഭര്‍ത്താവിന്റെ ജീവന്‍ പൊലിഞ്ഞതെന്ന് സാജന്റെ ഭാര്യ
കണ്ണൂര്‍: 'ബാങ്ക് വായ്പയോ മറ്റുകടങ്ങളോ ഇല്ല, കേവലം ഒരൊപ്പിന്റെ കാര്യം മാത്രമാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തത്' തളിപ്പറമ്പ് ബക്കളത്ത് 15 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ കെട്ടിട അനുമതി തടഞ്ഞുവച്ചതില്‍ മനംനൊന്തു ജീവനൊടുക്കിയ പ്രവാസി വ്യവസായി കൊറ്റാളി അരയമ്പേത്ത് ഗോകുലത്തില്‍ പാറയില്‍ സാജന്റെ ഭാര്യ ബീന വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ വിതുമ്പി. കേവലം ഒരു ഒപ്പിന്റെ കാര്യത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട വേദനയിലാണ് സാജന്റെ ഭാര്യയും കുടുംബവും.
വീട്ടിലെ മുറിക്കകത്ത് തളര്‍ന്ന് അവശയായി കിടന്നിരുന്ന ബീന തന്റെ അച്ഛനെ ചേര്‍ത്തുപിടിച്ച് ഇനിയാര്‍ക്കും ഈ ഗതി വരരുതെന്ന് പറഞ്ഞു നിയന്ത്രണംവിട്ട് അലമുറയിട്ടാണ് സാജന്‍ അനുഭവിച്ച മാനസിക സമ്മര്‍ദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിവരിച്ചത്. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരേ കടുത്ത ആരോപണമാണ് സാജന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും വാക്കുകളില്‍. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ.
ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. കോടികള്‍ മുടക്കി ഉണ്ടാക്കിയ സംരംഭം നശിച്ചുപോകുമല്ലോ എന്ന ചിന്തയില്‍ നിരാശനായിരുന്നു സാജന്‍. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും കണ്‍വന്‍ഷന്‍ സെന്ററിനായി മുടക്കി.
ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് മുന്നോട്ടുപോകേണ്ടത്. മുന്‍പ് കണ്‍വന്‍ഷന്‍ സെന്ററിന്റെ അനുമതിക്കായി സി.പി.എമ്മിലെ ഉയര്‍ന്ന നേതാക്കളെ സമീപിക്കുകയും ഇതിന്റെ ഭാഗമായി നഗരസഭാധ്യക്ഷ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഇനിയുള്ള കാര്യങ്ങളും ഉന്നത നേതാക്കളോട് പറഞ്ഞു നടത്തിക്കോയെന്ന വാശിയിലായിരുന്നു ആന്തൂര്‍ നഗരസഭാധ്യക്ഷയെന്നും ബീന പറഞ്ഞു. 'പാര്‍ട്ടിക്കുവേണ്ടി എല്ലാം ചെയ്തു, എന്നാല്‍ അവരില്‍ നിന്ന് തിരിച്ച് ഒരു സഹായവും ലഭിച്ചില്ല'
ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ നിരന്തരം സമീപിച്ചപ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നീട്ടിക്കൊണ്ടുപോവുകയാണ് ഉണ്ടായത്. താന്‍ ഇവിടെയുള്ളിടത്തോളം കാലം അനുമതി കിട്ടില്ല. ഇത് ഒരു സ്തൂപമായി ഇരിക്കട്ടെയെന്നു നഗരസഭാധ്യക്ഷ സാജനോട് പറഞ്ഞതായും ബീന പറഞ്ഞു. മരിക്കുന്ന ദിവസം ചര്‍ച്ച നടക്കാനിരിക്കുകയായിരുന്നു. ആ സ്ത്രീ ലൈസന്‍സ് തരില്ലെന്ന് അദ്ദേഹം നിരന്തരം പറയുകയും, മനസില്‍ ലൈസന്‍സ് കിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. അതു തന്നെയാണ് ആത്മഹത്യയിലെത്തിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പേ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു അദ്ദേഹമെന്നും ഭാര്യ പറഞ്ഞു.
താല്‍ക്കാലിക അനുമതിയില്‍ മൂന്ന് വിവാഹം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്ഥിരം അനുമതി നല്‍കിക്കൂടെന്നും നഗരസഭാധ്യക്ഷയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന ശാഠ്യമായിരുന്നുവെന്നും സാജന്റെ സഹോദരി ശ്രീലത പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന്‍
കേസെടുത്തു
കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസാണ് സ്വമേധയാ കേസെടുത്തത്. ജില്ലാ പൊലിസ് മേധാവി വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം കമ്മിഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. ഉടമസ്ഥാവകാശ രേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായതിനെക്കുറിച്ച് തദ്ദേശ ഭരണ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
സാജനുമായി വ്യക്തി വിരോധമില്ല: നഗരസഭാധ്യക്ഷ
തളിപ്പറമ്പ്: പാര്‍ത്ഥാസ് ഗ്രൂപ്പ് ഉടമ സാജന്‍ പാറയിലിന്റെ മരണവുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയ്ക്കും തനിക്കുമെതിരേ അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം ശുദ്ധ തെറ്റാണെന്ന് നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള. മരിച്ച സാജന്‍ പാറയിലുമായി വ്യക്തി വിരോധമില്ല.
കെട്ടിടവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. അതു പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന്റെ പേരിലുള്ള ഔദ്യോഗിക നടപടികള്‍ മാത്രമാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ സ്വാഭാവികമായ കാലതാമസം മാത്രമേ കാണിച്ചിട്ടുള്ളൂവെന്നും പി.കെ ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെ
തലസ്ഥാനത്തേക്ക് വിളിപ്പിച്ചു
തളിപ്പറമ്പ്: വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു.
നഗരസഭാ സെക്രട്ടറിയേയും എന്‍ജിനിയറേയുമാണ് അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ഇരുവരേയും അടിയന്തരമായി വിളിപ്പിച്ചത്. ഇന്ന് രാവിലെ ഇവര്‍ തിരുവനന്തപുരത്ത് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."