വിമാനത്താവളത്തിലെ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിച്ച് കടന്ന യുവതി പിടിയില്‍
കണ്ടെടുത്തത് രണ്ടര കിലോ സ്വര്‍ണം
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയില്‍ രണ്ടര കിലോഗ്രാം സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിയായ യുവതിയെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിലേറെയായി ദുബൈയില്‍ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി (27) യാണ് കസ്റ്റംസിന്റെ വലയിലായത്.
ദുബൈയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലെ ശുചിമുറിയിലാണ് ഇവര്‍ ഉപേക്ഷിച്ചിരുന്നത്. ഈ സ്വര്‍ണം ശുചീകരണ തൊഴിലാളി മുഖേന പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇത് കസ്റ്റംസ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരിയെ കുറിച്ച് സൂചന ലഭിച്ചത്.
കസ്റ്റംസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന യുവതി ചൊവ്വാഴ്ച രാത്രി ദുബൈയില്‍ നിന്ന് വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ശ്രീലക്ഷ്മി. മൂന്ന് മാസം മുന്‍പ് സ്വര്‍ണവുമായി ഇവര്‍ നാട്ടിലെത്തിയപ്പോള്‍ നാല് ദിവസത്തിന് ശേഷം നെടുമ്പാശേരിയില്‍ നിന്ന് ദുബൈയിലേക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണം പുറത്തെത്തിക്കാന്‍ കഴിയാതിരുന്നതോടെ നെടുമ്പാശേരിയില്‍ നിന്നുള്ള ടിക്കറ്റ് റദ്ദ് ചെയ്ത ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ ദുബൈയിലേക്ക് മടങ്ങിയത്. ഇതും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലില്‍ സ്വര്‍ണം കൊണ്ട് വന്നത് താന്‍ തന്നെയാണെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തനിക്ക് ദുബൈയില്‍ നിന്നും പെട്ടെന്ന് നാട്ടിലേക്ക് വരേണ്ടി വന്നപ്പോള്‍ വിമാനക്കൂലി വന്‍ ബാധ്യതയായിരുന്നു. ഇത് മനസിലാക്കിയ ഒരു സുഹൃത്താണ് ഏതാനും സ്വര്‍ണ മാലകള്‍ കൂടി കൊണ്ടുപോയാല്‍ വിമാന ടിക്കറ്റ് എടുത്ത് നല്‍കാന്‍ ആളുണ്ടെന്ന് അറിയിച്ചത്. ഇത് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ വിമാന ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തിയവര്‍ സ്വര്‍ണ ബിസ്‌ക്കറ്റാണ് തന്നെ ഏല്‍പ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരമാണ് കൊണ്ടുവന്ന സ്വര്‍ണം ശുചിമുറിയില്‍ വച്ചതെന്നും ശ്രീലക്ഷ്മി മൊഴി നല്‍കി.
ഇവര്‍ക്ക് സ്വര്‍ണം കൈമാറിയ സംഘത്തെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് സ്വര്‍ണം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഒരാളെ കസ്റ്റംസ് പിടികൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."