വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അനിശ്ചിതത്വത്തില്‍
തൃശൂര്‍: ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 132 വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അനിശ്ചിതത്വത്തില്‍. ഏഴ് ലക്ഷം രൂപ വീതമാണ് ഓരോ സ്‌കൂളിനും നല്‍കുന്നത്.
ആകെ 9.97 കോടി രൂപയാണ് ഇതിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഈ പണം വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്ന് ശോചനീയാവസ്ഥയില്‍ തുടരുന്ന സ്‌കൂളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ എന്‍ജിനിയറിങ് വിഭാഗത്തിനാണ് ഇതിന്റെയെല്ലാം മേല്‍നോട്ടച്ചുമതല. മാര്‍ച്ച് 24ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഭൂരിഭാഗം സ്‌കൂളുകളില്‍ പണി ഇഴയുകയാണ്.
132ല്‍ ഏഴ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടുമില്ല. റീ ടെണ്ടര്‍ നടപടി പുരോഗമിക്കുകയാണ് എന്നല്ലാതെ എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റിക്ക് കഴിയുന്നുമില്ല. ജൂണ്‍ പത്ത് വരെയാണ് സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സമയപരിധി.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ അലംഭാവം തുടരുന്നത്. ജില്ലാ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമില്ലെന്നാണ് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിന് പുറമേ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ നല്‍കുന്ന ഫണ്ടുമുണ്ട്. 36 സ്‌കൂളുകളില്‍ ശുചിമുറികള്‍ ഒരുക്കുന്നതിന് ഓരോ ലക്ഷവും 22 സ്‌കൂളുകള്‍ക്ക് കുടിവെള്ളം ഒരുക്കുന്നതിന് 50,000 രൂപ വീതവും നല്‍കും.
ഈ ഫണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."