ഗാന്ധിജി കണ്ട സ്വപ്‌നം
കേരളത്തിലെ പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊക്കെയും തിരക്കിലാണ്. കേരളത്തില്‍ കൊറോണ എന്ന മഹാമാരിയെ നിയന്ത്രിച്ചുനിര്‍ത്തുന്നതും പ്രതിരോധിക്കുന്നതും ഈ സ്ഥാപനങ്ങളത്രെ. മറ്റു സംസ്ഥാനങ്ങളും അമേരിക്ക, ഇറ്റലി തുടങ്ങിയ ആധുനിക രാജ്യങ്ങളും കൊറോണ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ മരണ നിരക്കു തുലോം കുറവാണ്. ലോക്ക്ഡൗണ്‍ കാലത്ത് ആഹാരത്തിനു ബുദ്ധിമുട്ടുനേരിട്ടവര്‍ക്കൊക്കെയും ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചും ബാക്കി പണം പൊതുജനങ്ങളുടെ സഹായമായി സ്വീകരിച്ചും അവര്‍ സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചു. പലേടത്തും കുടുങ്ങിപ്പോയ ഇതരദേശ തൊഴിലാളികളെ സംരക്ഷിക്കാനും അവര്‍ തന്നെ തയാറായി. ഇതാണ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളുമെല്ലാം.
1996-ലെ ഇ.കെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയാസൂത്രണ പരിപാടി സംസ്ഥാനത്തു തുടങ്ങിവച്ച മാറ്റങ്ങള്‍ ഏറെ. 2001-ല്‍ അധികാരത്തിലെത്തിയ എ.കെ ആന്റണി സര്‍ക്കാരും ഈ പദ്ധതിക്കു പൂര്‍ണ പിന്തുണ ഉറപ്പാക്കി. ഗ്രാമങ്ങളിലേയ്ക്കും ആദിവാസി മേഖലകളിലേയ്ക്കും പിന്നോക്ക പ്രദേശങ്ങളിലേക്കുമൊക്കെ പലതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എത്തുന്നതാണ് പിന്നെ കണ്ടത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കുവേണ്ടി പുതിയൊരു റോഡ്, അല്ലെങ്കില്‍ ഇടുക്കിയിലെ മലമടക്കുകളിലെ ദരിദ്രഭവനത്തില്‍ ആദ്യമായി തെളിയുന്ന വൈദ്യുതി വിളക്ക്, അതുമല്ലെങ്കില്‍ നിലമ്പൂര്‍ കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാര്‍ക്കായി പ്രാഥമികാരോഗ്യകേന്ദ്രം- അധികാര വികേന്ദ്രീകരണത്തിലൂടെ കേരളത്തില്‍ ഉയര്‍ന്നുവന്ന ചെറുതും വലുതുമായ പദ്ധതികള്‍ എത്രയെത്ര.
1996-ല്‍ നായനാര്‍ സര്‍ക്കാര്‍ ഒരു ജനകീയ പ്രസ്ഥാനമായിത്തന്നെയാണ് ജനകീയാസൂത്രണത്തെ ഭരണത്തിന്റെ ഭാഗമാക്കിയത്. പദ്ധതിയുടെ സന്ദേശവുമായി ഇ.എം.എസ് മുന്‍നിരയില്‍ത്തന്നെ നിന്നു. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. ഐ.എസ് ഗുലാത്തി ജനകീയാസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമായി. വിവിധ രേഖകള്‍ തയാറാക്കിയും പദ്ധതി നടത്തിപ്പിന് പലതരം പരിപാടികള്‍ ഒരുക്കിയും ഡോ. തോമസ് ഐസക്ക് ഓടി നടന്നു. ഇന്ത്യയുടെ വികസന നയവും പരിപാടിയും രൂപീകരിക്കേണ്ടത് പഞ്ചായത്തി രാജില്‍ ഊന്നിയായിരിക്കണമെന്ന ഗാന്ധിയന്‍ ചിന്തയ്ക്ക് നിയമത്തിന്റെ ചട്ടക്കൂടും വ്യവസ്ഥകളും നല്‍കാന്‍ നായനാര്‍ സര്‍ക്കാര്‍ ഏറെ അധ്വാനിച്ചു. ചെറിയ ചെറിയ മാറ്റങ്ങള്‍ വ്യാപകമാകുമ്പോള്‍ അതു വലിയ വളര്‍ച്ചയായി മാറും. ഇതാണ് യഥാര്‍ഥ വികസനമെന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പങ്ങളും ഇതായിരുന്നു.
പ്രാദേശിക ഭരണം ഭംഗിയായി നിര്‍വഹിക്കാന്‍ ആവശ്യമായ നിയമനിര്‍മാണമായിരുന്നു ഈ വഴിയിലെ പ്രധാന ഘടകം. ഭരണ നിര്‍വഹണത്തിന് ആവശ്യമായ ജീവനക്കാരെയും വിട്ടുകൊടുത്തു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ബജറ്റിന്റെ 23 ശതമാനവും പഞ്ചായത്തുകള്‍ക്കു വിട്ടുനല്‍കി. ഫണ്ട് വിതരണത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. അതുവരെ നിലവിലുണ്ടായിരുന്ന സ്‌പെഷല്‍ ഗ്രാന്‍ഡും അതോടെ അവസാനിച്ചു. കേരളത്തിലെ ഓരോ പഞ്ചായത്തിനും ഫണ്ട് ചെയ്യുന്നത് പ്രത്യേക മാനദണ്ഡപ്രകാരം തന്നെയാണ്. ഏതെങ്കിലുമൊരു പഞ്ചായത്തിന് പ്രത്യേകമായൊരു സഹായമോ മുന്‍ഗണനയോ നല്‍കാന്‍ ഏതെങ്കിലുമൊരു മന്ത്രിയോ മുഖ്യമന്ത്രി തന്നെയോ വിചാരിച്ചാലും നടപ്പില്‍വരാത്ത സ്ഥിതിയാണുള്ളത്. ഫണ്ട് വിതരണത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ല. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദിന്റെ വൈഭവം ഇതില്‍ പ്രകടമായി.
2001-ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഈ രീതി അതുപോലെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അധികാര വികേന്ദ്രീകരണം ജനങ്ങളുടെ ആവശ്യവും അവകാശവുമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമേതുമുണ്ടായിരുന്നില്ല. ഭരണം മാറിയിട്ടും അധികാര വികേന്ദ്രീകരണ പരിപാടിയില്‍ ഒരു മാറ്റവും വന്നില്ല. പ്ലാനിങ് ബോര്‍ഡ് അംഗമായി നിയമിതനായ മുന്‍ ചീഫ് സെക്രട്ടറി വി. രാമചന്ദ്രനും പ്ലാനിങ് ബോര്‍ഡംഗമായ സി.പി ജോണും കൂടി ചേര്‍ന്നപ്പോള്‍ അതൊരു ശക്തിയായി മാറി. ഒപ്പം പഞ്ചായത്ത് സെക്രട്ടറി എസ്.എം വിജയാനന്ദും. കോണ്‍ഗ്രസ് ഭരണകാലത്ത് ഈ മൂവരുമാണ് വികേന്ദ്രീകൃത വികസനത്തെ മുന്നോട്ടുകൊണ്ടുപോയത്, ആന്റണി സര്‍ക്കാരിന്റെ പല നടപടികളോടും ഇടതുപക്ഷം യോജിച്ചില്ലെങ്കില്‍ പോലും.
1996 മുതല്‍ കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികളും ആത്യന്തികമായി വികേന്ദ്രീകൃത വികസനം എന്ന ലക്ഷ്യത്തില്‍നിന്നു പിന്മാറിയില്ല. കൈയിലിരിക്കുന്ന അധികാരം താഴേയ്‌ക്കെന്നല്ല, മറ്റാര്‍ക്കെങ്കിലുമോ വിട്ടുകൊടുക്കാന്‍ സാധാരണ രാഷ്ട്രീയക്കാരാരും സമ്മതിക്കില്ലെന്ന കാര്യം ഓര്‍മിക്കുക. ഇവിടെയാണ് സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റില്‍ നിന്ന് 23 ശതമാനം കൃത്യമായ മാനദണ്ഡങ്ങളോടെ പ്രാദേശിക ഭരണസമിതികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണപരമായ മാറ്റങ്ങള്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം കാണാനുമുണ്ട്. ഗുണനിലവാരമുള്ള നല്ല റോഡുകള്‍ കേരളത്തിലെവിടെയും കാണാനാകും. കുടിവെള്ള പദ്ധതികള്‍, പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കാനുള്ള പദ്ധതികള്‍, ചെറിയ പ്രാദേശിക സ്റ്റേഡിയങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ - ഇന്ത്യയിലൊരിടത്തും ഇത്ര വിപുലമായ വളര്‍ച്ച കാണാനാവില്ല. കേരളത്തിലെ പോലെ ഉത്സാഹഭരിതരായ നേതാക്കളെയും മറ്റെങ്ങും കണ്ടെന്നുവരില്ല.
അധികാര വികേന്ദ്രീകരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യമായി പ്രഖ്യാപിച്ച 73, 74 ഭരണഘടനാ ഭേദഗതികളാണ് ഇന്ത്യയില്‍ പ്രാദേശിക ഭരണ സംവിധാനത്തിന് പുതിയ ദിശ നല്‍കിയത്. അത് നടപ്പാക്കുന്നതില്‍ കേരളം 1996-ല്‍ത്തന്നെ മുമ്പിലെത്തുകയും ചെയ്തു. കേരളത്തില്‍ ജനകീയ ഭരണം തുടങ്ങിയ നാള്‍ മുതല്‍ മുന്നേറ്റം നേടിയ വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ടു മേഖലകള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് നായനാര്‍ സര്‍ക്കാര്‍ ജനകീയാസൂത്രണം തുടങ്ങിവച്ചത്.
ഡോ. തോമസ് ഐസക്ക് പദ്ധതിക്ക് വിശാലമായൊരു പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു. ഒന്‍പതാം പഞ്ചവത്സര പദ്ധതിയുടെ (1997-2002) ആദ്യ വര്‍ഷത്തെ പദ്ധതി (1997-98) പൂര്‍ണമായും ജനകീയാസൂത്രണത്തില്‍ അധിഷ്ഠിതമാക്കിയുള്ള പ്രചാരണമാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള വിവിധ പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. കേരള രാഷ്ട്രീയത്തിലേയ്ക്ക് ഐസക്ക് ഒരു താരമായി വളര്‍ന്നുകയറാന്‍ ജനകീയാസൂത്രണ പ്രചാരണ പരിപാടി വഴിയൊരുക്കുകയായിരുന്നു.
ഡോ. പി.വി ഉണ്ണികൃഷ്ണന്‍, ഡോ. ജോയി ഇളമണ്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനകീയാസൂത്രണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപ്രധാന ബുദ്ധികേന്ദ്രങ്ങള്‍. രണ്ടുപേരും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന പ്രഗത്ഭര്‍. ഉണ്ണികൃഷ്ണന്‍ തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളജില്‍ നിന്നും ജോയി ഇളമണ്‍ മെഡിക്കല്‍ കോളജില്‍ നിന്നും. 1996 ഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ഡയരക്ടറായിരുന്നു ഉണ്ണികൃഷ്ണന്‍. പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോര്‍പറേഷനുകളെയും കംപ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നടപടികള്‍ തയാറാക്കിയത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. പ്രാദേശിക ഭരണസമിതികളിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നവരെ പ്രഗത്ഭരായ രീതിയില്‍ പരിശീലിപ്പിക്കുക എന്നതായിരുന്നു ജോയി ഇളമണ്‍ നിര്‍വഹിച്ച ചുമതല.
അതിലേയ്ക്ക് വിശാലമായൊരു അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തു അദ്ദേഹം. അങ്ങനെയാണ് തൃശൂരില്‍ കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) ഉയര്‍ന്നുവന്നത്. കില ഇന്ന് സര്‍വകലാശാലയുടെ പദവി ആര്‍ജിക്കാവുന്ന നിലയിലെത്തിനില്‍ക്കുന്നു. തലപ്പത്ത് ഡയരക്ടര്‍ ജനറലായി ഡോ. ജോയി ഇളമണ്‍ തന്നെ. ജനകീയ ഭരണത്തെപ്പറ്റിയും ജനകീയാസൂത്രണത്തെപ്പറ്റിയും ആഴത്തിലുള്ള പഠനങ്ങളുടെയും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഗവേഷണങ്ങളുടെയും കേന്ദ്രമാണ് ഇന്നു കില.
കേരളത്തിലെ പ്രാദേശിക ഭരണം ഇത്രയും ശക്തമായതിനു പിന്നില്‍ ഉചിതമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നു സാരം. തുടക്കത്തില്‍ അതിനു ബൗദ്ധികമായ നേതൃത്വം ഉണ്ടായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസും ആശയപരമായി പദ്ധതിയെ അനുകൂലിച്ചതും സര്‍ക്കാരുകള്‍ മാറിയപ്പോഴും പ്രാദേശിക ഭരണത്തിന് മതിയായ പിന്തുണ കിട്ടിയെന്നതുമാണ് ഇതിനു കാരണം. രണ്ടു മുന്നണികളല്ലാതെ, ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്. കൈയില്‍ കിട്ടുന്ന വിഹിതത്തെക്കുറിച്ചോ, രാഷ്ട്രീയ വിവേചനത്തെക്കുറിച്ചോ ഒരു പഞ്ചായത്തിനും പരാതിയില്ലെന്നത് പ്രത്യേകം കാണണം.
വളര്‍ച്ചയിലേയ്ക്കും പക്വതയിലേയ്ക്കും കടക്കുന്ന കേരളത്തിന്റെ പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ തെരഞ്ഞടുപ്പിലേയ്ക്ക് കടക്കുകയാണ്. ഇനി എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ ഭാരവാഹികള്‍. പഞ്ചായത്ത് ഭരിക്കാന്‍ വരുന്നത് അധികവും പുതുമുഖങ്ങളായിരിക്കുകയും ചെയ്യും. പ്രാദേശിക ഭരണത്തിലേയ്ക്ക് പുതിയ ചിന്തകളും സ്വപ്നങ്ങളും പദ്ധതികളുമാവും അവര്‍ കൊണ്ടുവരിക. ഗ്രാമസ്വരാജിനെപ്പറ്റി പറഞ്ഞ ഗാന്ധിജിയുടെ സ്വപ്നവും ഇതു തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."