ഇനിയവള് ആവശ്യപ്പെടില്ല തന്നെ ചികിത്സിക്കണമെന്ന്...
വിജയവാഡ: മരിക്കും മുന്‍പ് ആ പതിമൂന്നുകാരിക്ക് തന്റെ പിതാവിനോട് ഒരാവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാന്‍സര്‍ രോഗിയായ തന്നെ ചികിത്സിക്കാമോയെന്ന്.
മനുഷ്യമനസാക്ഷിക്കുമുന്നില് ഈ കുരുന്നിന്റെ ചോദ്യം പൊള്ളിക്കുന്നതാണ്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സായി ശ്രീയെന്ന കുട്ടിയാണ് രോഗത്തിന്റെ ദുരിതത്തില്‍ തന്നെ ചികിത്സിക്കാന്‍ തയാറാകുമോയെന്ന് കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചത്.
താന്‍ കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ചികിത്സക്ക് പണം ചെലവഴിക്കാന്‍ തയാറാക്കാത്ത പിതാവിനോട് തന്റെ ആവശ്യം ഉന്നയിച്ച് വാട്സ് ആപ്പിലൂടെയാണ് സായി ശ്രീ സന്ദേശമയച്ചത്.
തന്റെ ജീവനായി പിതാവിനോട് കേണപേക്ഷിച്ച സായിശ്രീ ദിവസങ്ങള്‍ക്കകം മരിക്കുകയും ചെയ്തു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചാണ് കുട്ടി മരിച്ചത്.
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ആന്ധ്രാ പ്രദേശ് മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ പണം ചെലവഴിക്കാന്‍ തയാറാകാതിരുന്നതിനാണ് പിതാവിനെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജയവാഡ സിറ്റി പൊലിസ് കമ്മിഷണര്‍ക്കാണ് കമ്മിഷന് ഉത്തരവിട്ടത്.
സായിശ്രീയുടെ പിതാവ് ശിവകുമാറും മാതാവ് സുമശ്രീയും രണ്ടുവര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മകള്‍ സായി മാതാവിനൊപ്പമായിരുന്നു.
രോഗബാധിതയായ അവളെ ചികിത്സാക്കാനുള്ള ശേഷി സുമക്കില്ല. ബംഗളൂരുവില്‍ താമസിക്കുന്ന പിതാവിന് വാട്സ് ആപ്പിലാണ് സായി സന്ദേശവും തന്റെ ഫോട്ടോയും അയച്ചത്.
എന്നാല്‍ ശിവകുമാര്‍ ചികിത്സക്കുള്ള പണം നല്‍കാനോ മകളെ കാണാനോ തയാറായില്ല. മകളുടെ ചികിത്സക്കുള്ള പണം കണ്ടെത്താന്‍ തന്റെ പേരിലുള്ള വീട് വില്ക്കാന് ശ്രമിച്ച തന്നെ എം.എല്‍.എ വഴി ശിവകുമാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായി മാതാവ് സുമ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."