പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചാലക്കുടി: കൊന്നക്കുഴി കാറ്റില്‍ ഫാം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കോടികളുടെ നഷ്ടം സംഭവിച്ച കൊന്നക്കുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
എന്നാല്‍ ഇതുവരേയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്തെത്തുന്നത്. നാലര കോടിരൂപയുടെ നഷ്ടമാണ് ഫാമിലുണ്ടായിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ വരുത്തി വച്ച ദുരന്തം മറികടക്കാനാകാതെ നിസഹായകരായി നില്‍ക്കുകയാണ് ഇവിടെത്തെ ജീവനക്കാര്‍.
കനത്ത നാശമാണ് ഉരുള്‍പൊട്ടലില്‍ ഫാമിലുണ്ടായത്. പതിനൊന്ന് വെച്ചൂരി പശുക്കളും ആറ് ഹീപ്പേഴ്‌സ് ഇനത്തില്‍പ്പെട്ട പശുക്കളുമടക്കം ഇരുപത്തിമൂന്ന് പശുക്കളാണ് ഉരുള്‍പൊട്ടലില്‍ ചത്തൊടുങ്ങിയത്. പരുക്കേറ്റ ഏഴ് പശുക്കളെ മണ്ണൂത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് മാറ്റി. പവര്‍ ടില്ലര്‍, പുല്ല് കട്ടര്‍ എന്നിവയെല്ലാം പൂര്‍ണമായും നശിച്ചു. ഫാമിലെ ജീപ്പ്, രണ്ട് ട്രാക്ടര്‍, ടില്ലര്‍, ടി.എം.ആര്‍.എന്നിവയും നശിച്ചിട്ടുണ്ട്.
ഓഫിസിന്റെ നൂറ്റിയമ്പതോളം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഭാഗവും ഒലിച്ചുപോയി. കംപ്യൂട്ടര്‍, രജിസ്ട്രര്‍ അടക്കമുള്ള രേഖകളെല്ലാം നഷ്ടപ്പെട്ടു. ഏക്കര്‍ കണക്കിന് പുല്ലുകൃഷി നശിച്ചു. കോഴികളേയും ആടുകളേയും വളര്‍ത്തുന്ന ഇക്കോ ഫാമും പൂര്‍ണമായി ഇല്ലാതായി. ആടുകളും കോഴികളും ചത്തൊടുങ്ങിയിട്ടുണ്ട്. 1957കാലഘട്ടത്തിലാണ് കൊന്നക്കുഴിയില്‍ അറുപത് ഏക്കറോളം വരുന്ന സ്ഥലത്ത് കേരള വെറ്റിനറി സര്‍വകലാശാലയുടെ കീഴില്‍ ഫാം ആരംഭിച്ചത്. ഇക്കാലയളവില്‍ ഇതാദ്യമായാണ് ഫാമില്‍ ഉരുള്‍പൊട്ടലുണ്ടായത്. അത്യുല്‍പാദന ശേഷിയുള്ള പശുക്കളുടെ പ്രജനനം, പാല്‍ ഉല്‍പാദനം, തീറ്റപുല്‍കൃഷി എന്നി മേഖലകളിലെ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.
പതിനാറ് സ്റ്റാഫുകളും എണ്‍പത്തിമൂന്ന് തൊഴിലാളികളുമാണ് ഫാമിലുള്ളത്. ഫാമിനോട് ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ഫുഡ് ടെക്‌നോളജി കോളജും പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്റ്റ് 16ന് രാവിലെ അഞ്ചോടെയാണ് കേന്ദ്രത്തിന് പിന്നിലെ മലനിരക്കില്‍ ഉരുള്‍പൊട്ടിയത്.
ചെറുതും വലുതുമായ നാല് ഉരുള്‍പൊട്ടലുകളാണ് ഇവിടെ സംഭവിച്ചത്. പ്രധാന ഉരുള്‍പൊട്ടലില്‍ ഓഫിസും മതിലുകളും ഒലിച്ച് പോയി. ഇതോടൊപ്പം നാല് തൊഴുത്തുകളും മരുന്നുകള്‍ സൂക്ഷിച്ചിരുന്ന ഫാര്‍മസിയും സെക്യൂരിറ്റി ഓഫിസറുടെ ക്യാബിനും നശിച്ചു.
ഉരുള്‍പൊട്ടല്‍ ഭയന്ന് ഫുഡ് ടെക്‌നോളജി കോളജിലെ വിദ്യാര്‍ഥികള്‍ കോളജ് വിട്ട് പോയി. ഇതോടെ കോളജിന്റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്.
മണ്ണൂത്തിയില്‍ കോളജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ മറവില്‍ കോളജ് ഇവിടെ നിന്നും മണ്ണൂത്തിയിലേക്ക് മാറ്റാനുള്ള നീക്കമാണിതിന് പിന്നലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ഇതിന് മുന്‍പ് പലവട്ടം കോളജ് ഇവിടെ നിന്ന് നീക്കാന്‍ ശ്രമം നടന്നതായി നാട്ടുകാര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് കോളജിലെ സാമഗ്രികള്‍ മണ്ണൂത്തിയിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടത്തിയ ശ്രമം പ്രദേശവാസികള്‍ തടയുകയും ചെയ്തിരുന്നു.
ഫാമിന്റെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കണമെന്നും കോളജ് ഇവിടെ തന്നെ നിലനിര്‍ത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."