ശുഭപ്രതീക്ഷയോടെ ഇന്ത്യന്‍ ഐ.ടി മേഖല
ന്യൂയോര്‍ക്ക്: തീവ്ര ദേശീയതാവാദിയായ ട്രംപിനു പകരം മിതവാദിയായ ജോ ബൈഡന് യു.എസ് പ്രസിഡന്റായി വരുന്നതിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയ വന്‍കിട ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്.
ഇന്ത്യന്‍ ഐ.ടി-ബി.പി.ഒ കമ്പനികളുടെ വ്യാപാര സംഘടനയായ നാസ്കോം ബൈഡന്റെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ഐ.ടി മേഖലയുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ് എന്നതാണ് ഇതിനു കാരണം.
ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രഫഷനലുകള്‍ക്ക് യു.എസ് കമ്പനികളില്‍ തൊഴില്‍ ലഭ്യമാക്കുന്ന എച്ച്1-ബി വിസയും കമ്പനി മാറാന്‍ സഹായിക്കുന്ന എല്‍ വിസയും ഡിസംബര്‍ വരെ ട്രംപ് നിര്‍ത്തിവച്ചിരിക്കുകയാണ്.
കുടിയേറ്റ അനുകൂലിയായ ബൈഡനും കമല ഹാരിസും അധികാരത്തിലെത്തുന്നതോടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍. അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായാണ് ട്രംപ് ഇന്ത്യ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ് കമ്പനികളില്‍ തൊഴില്‍ നല്കുന്നതിനെതിരേ നടപടിയെടുത്തത്. ഇതിനെ ഫേസ്ബുക്, ഗൂഗിള്‍ തുടങ്ങിയ യു.എസ് കമ്പനികള്‍ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."