വിജയം അംഗീകരിക്കാതെ ചൈന
ബെയ്ജിങ്: ലോക നേതാക്കള്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായ ജോ ബൈഡനെ അഭിനന്ദിച്ചു രംഗത്തുവന്നെങ്കിലും യു.എസുമായി അകല്‍ച്ചയിലുള്ള രണ്ടു വന്‍ശക്തി രാജ്യങ്ങളായ ചൈനയും റഷ്യയും ജാഗ്രതയോടെയാണ് പ്രതികരിച്ചത്. പൂര്‍ണ ഫലം പുറത്തുവരാതെ വിജയിയെ അഭിനന്ദിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം.
അതേസമയം ബൈഡന് താന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത് ശ്രദ്ധയില്‍ പെട്ടതായും ചൈന പറഞ്ഞു. പുതിയ യു.എസ് സര്‍ക്കാരിന് ചൈനയുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെന്ന് ക്രെംലിന് അറിയിച്ചു. അതേസമയം 2016ല്‍ ഹിലാരി ക്ലിന്റണെതിരേ ട്രംപ് വിജയിച്ച് ഒരു മണിക്കൂറിനകം പുടിന് അഭിനന്ദനമറിയിച്ചിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണെന്നും ട്രംപ് നിയമപോരാട്ടത്തിനൊരുങ്ങുകയാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി. നേരത്തെ 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യ ട്രംപിന് അനുകൂലമായി ഇടപെടല്‍ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അയല്‍രാജ്യമായ മെക്സിക്കോയും ബൈഡനെ അഭിനന്ദിക്കാന്‍ മടിച്ചുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."