ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണം അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി.
അന്വേഷണത്തിനായുള്ള അനുമതിയ്ക്കായി
ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് വിജിലന്‍സ് ഒരുങ്ങുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനും കൈമാറി എന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസാണ് വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍ അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ്കൗളാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.
അതേസമയം, ബാര്‍ക്കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ജോസ് കെ മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോളാര്‍ കേസിലും സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മന്ത്രി അനില്‍കുമാര്‍ അടക്കമുളളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലിസ്. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവിനെതിരെയുളള അന്വേഷണത്തിനും വഴി തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."