പേമാരി അരുവിക്കരയ്ക്ക് സമ്മാനിച്ചത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക്
അരുവിക്കര: നഗരത്തിന് കുടിവെള്ളം നല്‍കുന്ന അരുവിക്കര അണക്കെട്ടില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് വന്‍ ജലക്ഷാമത്തിന് വഴി തെളിക്കുകയാണ്. പമ്പിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി ഉപകരണങ്ങളെ ചുറ്റിവരിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന്റെ തിടുക്കത്തിലാണ് അരുവിക്കരയിലെ ജലഅതോറിറ്റി ജീവനക്കാര്‍. തലസ്ഥാന നഗരിയിലേക്കുള്ള പമ്പിങ് പലതവണ തടസപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കലക്ടറേറ്റിലും അടക്കം വിതരണം ചെയ്യുന്ന ജലത്തിന്റെ അളവില്‍ കുറവുണ്ടായി.
പ്രതിദിനം 230 എം.എല്‍.ഡി വെള്ളം നല്‍കേണ്ട സ്ഥാനത്ത് ജലസംഭരണി നിറഞ്ഞുതുളുമ്പിയ നാളുകളില്‍ 30 ശതമാനത്തോളം കുറവ് സംഭവിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജലസഭരണിയോടു ചേര്‍ന്നുള്ള 86 എം.എല്‍.ഡി ചിത്തിരക്കുന്ന് പ്ലാന്റിലും 76 എം.എല്‍.ഡി ജപ്പാന്‍ കുടിവെള്ള പ്ലാന്റിലുമാണ് പമ്പിങ് തടസപ്പെട്ടത്. പ്ലാന്റുകളില്‍ വെള്ളം എത്തിക്കുന്ന ഇരുമ്പുവലകള്‍ പ്ലാസ്റ്റിക് മൂടി വെള്ളം കടക്കാത്ത സ്ഥിതിയായിരുന്നു.
ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന ജോലികള്‍ ഇവിടെ പുരോഗമിക്കുകയാണ്. മുങ്ങല്‍ വിദഗ്ധരായ തൊഴിലാളികളുടെ സഹായത്തോടെ മാത്രമേ സംഭരണിയില്‍ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവൂ. പരിചയസമ്പന്നരായ തൊഴിലാളികളുടെ സേവനം ജലഅതോറിട്ടി തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടികള്‍. കഴിഞ്ഞദിവസങ്ങളില്‍ പെയ്തിറങ്ങിയ പേമാരിക്കൊപ്പം ജലസംഭരണയില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഒഴുകിയെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് അരുവിക്കര സംഭരണിയുടെ ശേഷി.
പരമാവധി അഞ്ച് ദിവസത്തേയ്ക്കാവശ്യമായ വെള്ളം സംഭരിച്ചു നിര്‍ത്താം. സംഭരണശേഷിയുടെ പകുതിയോളം എക്കലും മണ്ണും മണലും അടിഞ്ഞുകിടപ്പാണ്. മഴയ്ക്കു മുമ്പ് പായല്‍ നീക്കം ചെയ്തിരുന്നു. എക്കലും മണലും നീക്കം ചെയ്യാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മൊത്തം ആറു ഷട്ടറുകളില്‍ അഞ്ചും കഴിഞ്ഞദിവസങ്ങളില്‍ ഉയര്‍ത്തിയിരുന്നു. മഴ മാറിയതോടെ സംഭരണി ജലക്ഷാമത്തിലേയ്ക്ക് വഴുതിമാറും. പിന്നീട് വെള്ളം ആവശ്യാനുസരണം പേപ്പാറ ഡാമില്‍ നിന്ന് ഒഴുക്കിക്കൊണ്ടുവരണം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ അരുവിക്കര ഡാമിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പമ്പിങ് മുടങ്ങിയാല്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും. അതിന്റെ ആശങ്കയിലാണ് ജല അതോറിറ്റി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."