ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: കുപ്പിവെള്ളം വില്ലനാകുന്നു
കൊച്ചി: ഹെപ്പറ്റൈറ്റിസ്-ഇ എന്ന കരള്‍രോഗം സംസ്ഥാനത്ത് വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാരകമായ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയായി മാറിയ ഹെപ്പറ്റൈറ്റിസ്-ഇ എന്ന കരള്‍രോഗത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ ആരോഗ്യരംഗത്ത് നടക്കുന്നില്ല. വൈറസ് മൂലം കരളിനെ ബാധിക്കുന്ന സാംക്രമികരോഗമാണ് ഹെപ്പറ്റൈറ്റിസ് ഇ.
സംസ്ഥാനത്ത് വിതരണം ചെയ്യുന്നതും കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വയ്ക്കുന്നതുമായ കുടിവെള്ളം വേണ്ടത്ര ശുദ്ധീകരിക്കാത്തതാണ് അടിസ്ഥാനപ്രശ്‌നമെന്നാണ് ആരോഗ്യവിഗ്ദധര്‍ വിശദീകരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ രോഗം വീണ്ടും വ്യാപകമായി പ്രത്യക്ഷപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതിനു ഫലപ്രദമായ മരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെയാണ് പകരുന്നതെങ്കിലും ഹെപ്പറ്റൈറ്റിസ്-ഇ മലിനമായ കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. മുതിര്‍ന്നവര്‍ക്ക് ഈ രോഗം ബാധിച്ചാല്‍ വിവിധ ചികിത്സകള്‍കൊണ്ട് സുഖപ്പെടുത്താമെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇതു മാരകമായി മാറുമെന്നാണ് വിശദീകരണം.
ഹെപ്പറ്റൈറ്റിസ്-ഇ വൈറസ് ശരീരത്തില്‍ കടന്ന് മൂന്നു മുതല്‍ എട്ടു വരെ ആഴ്ചകള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞനിറമാവുക, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഇത് മഞ്ഞപ്പിത്തത്തിനും കരള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും തുടര്‍ന്ന് മരണത്തിനും കാരണമാകാം.
ഹെപ്പറ്റൈറ്റിസ് -ഇ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞപ്പിത്ത ബാധയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം, ജലസ്രോതസുകളുടെ മലിനീകരണം, ശുദ്ധമല്ലാത്ത കുടിവെള്ള വിതരണം എന്നിവയാണ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായി ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
നഗരപ്രദേശങ്ങളിലെ ജലാശയങ്ങള്‍ അപകടകരമായ തോതില്‍ മലിനീകരിക്കപ്പെടുന്നതായി അടുത്തിടെ പുറത്തുവന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രധാന നഗരങ്ങളോടും ഇടത്തരം നഗരങ്ങളോടും ചേര്‍ന്നുള്ള ജലാശയങ്ങളിലെ മലിനീകരണ തോതാണ് സി.എ.ജി പഠനവിധേയമാക്കിയത്. കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതുമൂലം കോഴിക്കോട് കനോലി കനാലില്‍ 100 മില്ലി ലിറ്റര്‍ ജലത്തില്‍ 3,600 മുതല്‍ 52,000 എം.പി.എന്‍ വരെയാണ് കോളിഫോം ബാക്ടീരിയയുടെ തോത്.
കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ പരിധി പരമാവധി 50 എം.പി.എന്നും ആണെന്നിരിക്കെയാണിത്. എന്നാല്‍ ഇതില്‍നിന്ന് വേണ്ടത്ര ശുദ്ധീകരിക്കാതെ വെള്ളം കുടിവെള്ള പദ്ധതിയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്.
കടകളില്‍നിന്ന് വാങ്ങുന്ന കുപ്പിവെള്ളവും പൂര്‍ണമായി സുരക്ഷിതമല്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്‌ക്കെടുത്ത സാമ്പിളുകുടെ പരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍പോലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കാക്കനാട് റീജിയനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."